വയനാട് വെറ്റിനറി കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: വയനാട് പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥിനെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. മൃതദേഹത്തില്‍ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും.

അഖില്‍, കാശിനാഥന്‍, അമീന്‍ അക്ബര്‍, സിന്റോ ജോണ്‍സണ്‍, ആസിഫ് ഖാന്‍, അരുണ്‍ കെ, അജയ്, സൗദ് റിസാല്‍, അല്‍ത്താഫ്, മുഹമ്മദ് ഡാനിഷ്, അമല്‍സാന്‍, ആദിത്യന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആത്മഹത്യ നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കോളജ് അധികാരികളുടെ മൗനം വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായി കെഎസ്യു ആരോപിച്ചു. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയത്. ഹോസ്റ്റലിലെ ബാത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റാഗിംഗ് മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാര്‍ത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്‌സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Top