ദേശീയപാതാ സമരം പതിനൊന്നാം ദിവസത്തിലേക്ക് ; സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ഇന്ന് സമരപ്പന്തലില്‍

വയനാട് : ദേശിയപാത 766 അടച്ചിടാനുള്ള നീക്കത്തിനെതിരെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന നിരാഹാരസമരത്തിന് ദിവസങ്ങള്‍തോറും പിന്തുണയേറുന്നു. നിരാഹാര സമരത്തിന്റെ പതിനൊന്നാം ദിവസമായ ഇന്ന് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പണിമുടക്കി സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായെത്തും. ശനിയാഴ്ച നടക്കുന്ന ബഹുജന സംഗമത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും.

വയനാട് ജില്ലക്കകത്ത് നിന്നും പുറത്തുനിന്നുമായി സമരത്തിന് പിന്തുണയുമായെത്തിയ മുഴുവന്‍ കൂട്ടായ്മകളെയും പങ്കെടുപ്പിച്ചാണ് നാളെ സുല്‍ത്താന്‍ ബത്തേരിയില്‍ ബഹുജനസംഗമം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ 10 ദിവസമായി നിരാഹാരം നടത്തി വന്ന യുവജന നേതാക്കളില്‍ മൂന്നുപേരുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു പകരം പുതിയ മൂന്ന് നേതാക്കള്‍ സമരം ഏറ്റെടുത്തു.

രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദര്‍ശന ശേഷം പിന്തുണയുമായി നിരവധിപേരാണ് സ്വാതന്ത്ര മൈതാനിയിലേക്കെത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വനംവകുപ്പ് മന്ത്രി കെ രാജുവും സമരപ്പന്തലില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം 21 കൂട്ടായ്മകളാണ് ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തിയത്.

കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്നും കൂടുതൽ ഉറപ്പുകൾ ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചത്.

Top