Wayanad SN college-Dalit issue

വയനാട്: പുല്‍പ്പള്ളി എസ്എന്‍ കോളജില്‍ ദളിത് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാള്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അമലാണ് പ്രിന്‍സിപ്പാളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പ്രിന്‍സിപ്പാള്‍ ഡോ.ഹരിപ്രകാശിനെതിരെയാണ് പരാതി നല്‍കിയത്.

അമല്‍ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. എന്നാല്‍, ആരോപണം പ്രിന്‍സിപ്പാള്‍ ഹരിപ്രകാശ് നിഷേധിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രകോപനവുമില്ലാതെ പ്രിന്‍സിപ്പാള്‍ മര്‍ദ്ദിച്ചെന്നാണ് അമല്‍ പരാതി നല്‍കിയത്. കഴുത്തിന് കുത്തിപ്പിടിച്ച് താഴത്തെ നിലയിലേക്ക് വലിച്ചിഴച്ചതായും പരാതിയില്‍ പറയുന്നു. പ്രിന്‍സിപ്പാള്‍ തന്നെ ജാതിപ്പേര് വില്‍ച്ച് ആക്ഷേപിച്ചതായും അമല്‍ പറഞ്ഞു.

അതേസമയം ആരോപണങ്ങള്‍ പ്രിന്‍സിപ്പാള്‍ ഡോ.ഹരിപ്രകാശ് നിഷേധിച്ചു. അമല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുമ്പോള്‍ അതില്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിന് അമലിനെ കോളജില്‍ നിന്ന് പുറത്താക്കിയതായും പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പ്രിന്‍സിപ്പാള്‍ ഹരിപ്രകാശ് പറഞ്ഞു.

Top