പനമരം സ്‌കൂള്‍ വരാന്തയില്‍ തേനീച്ചക്കൂട്ടം; ഒരാഴ്ച്ച കഴിഞ്ഞ് നടപടി

കല്‍പ്പറ്റ: സ്‌കൂള്‍ വരാന്തയില്‍ ഭീമന്‍ തേനീച്ചക്കൂട് കണ്ടെത്തിയതിനെത്തുടര്‍ന്ന് പനമരം ജിഎച്ച്എസ്എസിന് ഇന്ന് അവധി. പ്ലസ് ടു ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വരാന്തയിലാണു തേനീച്ചക്കൂടുകള്‍ കണ്ടെത്തിയത്. ഇവിടെ തേനീച്ച കൂടുകൂട്ടിയിട്ട് ഒരാഴ്ചയായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ബത്തേരിയിലെ സ്‌കൂളില്‍ പാമ്പുകടിയേറ്റു കുട്ടി മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ മാത്രമാണ് ഇന്ന് തേനീച്ചക്കൂട് കത്തിച്ചുകളയാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് രാവിലെ തന്നെ പ്ലസ്ടു ക്ലാസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.

പക്ഷേ ഇപ്പോഴും തൊട്ടടുത്ത കെട്ടിടത്തില്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ നടക്കുകയാണ്. ഒട്ടേറെ കുട്ടികള്‍ നടന്നുപോകുന്ന വഴിയിലാണു തേനീച്ചക്കൂട്. അധ്യാപകരുടെ നേതൃത്വത്തില്‍ രാവിലെ തേനീച്ചക്കൂട് കത്തിച്ചുകളയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൈകിട്ട് വനപാലകര്‍ എത്തിയശേഷമേ തേനീച്ചക്കൂട് മാറ്റാനിടയുള്ളൂ. ഇന്നു സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തിയശേഷം മാത്രമാണ് അധികൃതര്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്.

സ്‌കൂളിനു ചുറ്റും വലിയ കാടു വളര്‍ന്നുനില്‍ക്കുന്നതു വെട്ടിക്കളയാന്‍ നടപടിയെടുക്കാത്തതും വന്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. എന്നാല്‍ , തേനീച്ചക്കൂടിനു സമീപത്തെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ പഠനയാത്രയ്ക്കു പോയിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണു തേനീച്ചക്കൂട് ഇതുവരെ എടുത്ത് മാറ്റാന്‍ വൈകിയതെന്നുമാണു സ്‌കൂള്‍ അധികൃതരുടെ വാദം.

Top