മുല്ലപ്പള്ളിക്കെതിരെ തിരഞ്ഞെടുപ്പിന് ശേഷം നടപടിക്ക് സാധ്യതയെന്ന് സൂചന!

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയാലും ഇല്ലെങ്കിലും രാഹുലിന്റെ വയനാട്ടിലെ സഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച കെ.പി.സി.സി നേതൃത്വത്തിന് ഹൈക്കമാന്റിന്റെ പണികിട്ടും. വയനാട്ടില്‍ ടി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എ. ഐ ഗ്രൂപ്പ് പോരു മുറുകുന്നതിനിടെയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്ത ഉമ്മന്‍ചാണ്ടി പുറത്തുവിട്ടത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. രമേശ് ചെന്നിത്തല രാഹുല്‍ഗാന്ധിയെ വയനാട്ടിലേക്ക് സ്വാഗതവും ചെയ്തു. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് ഹൈക്കമാന്റിനു മുന്നില്‍ കെ.പി.സി.സി വെച്ചത്. ഇതേ ആവശ്യം കര്‍ണാടക, തമിഴ്‌നാട് പി.സി.സികളും മുന്നോട്ടുവെച്ചിട്ടുണ്ട്.

rahul gandhi

കെ.പി.സി.സിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കും മുമ്പുതന്നെ രാഹുലിനെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച നടപടിയില്‍ ശക്തമായ അമര്‍ഷമാണ് രാഹുല്‍ഗാന്ധിക്കുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കീഴ്‌വഴക്കങ്ങളും നടപടിക്രമങ്ങളും തെറ്റിച്ചാണ് വയനാട്ടില്‍ സിദ്ദിഖിനെയും വടകരയില്‍ കെ.മുരളീധരനെയും നേരത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി എ.ഐ.സി.സി പ്രഖ്യാപിക്കാതിരിക്കുന്നത്.

കേരളത്തില്‍ ഗ്രൂപ്പു നേതാക്കള്‍ ധാരണയായി നല്‍കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റ് രാഹുല്‍ഗാന്ധി ഉള്‍പ്പെടുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിശോധിച്ച് അനുമതി നല്‍കും മുമ്പെ പ്രഖ്യാപനം നടത്തിയ മുല്ലപ്പള്ളിയുടെ നിലപാടിനോട് കടുത്ത എതിര്‍പ്പാണ് ഹൈക്കമാന്റിനുള്ളത്. ഇടതുപക്ഷവുമായി സഖ്യമായിപോകാന്‍ ആഗ്രഹിക്കുന്ന രാഹുല്‍ഗാന്ധി വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നകാര്യത്തില്‍ അനുകൂലതീരുമാനം എടുത്തിരുന്നില്ല.

mullappally

20 എം.പിമാരുള്ള കേരളത്തില്‍ ആരു ജയിച്ചാലും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതേതര സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കുമെന്നതും ഉറപ്പാണ്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ കടുത്ത സമ്മര്‍ദ്ദമാണ് ഇടതുപക്ഷവും ഡി.എം.കെ, ജെ.ഡി.എസ് അടക്കമുള്ള യു.പി.എ സഖ്യകക്ഷികളും നടത്തുന്നത്.

ഡി.എം.കെക്ക് രാഹുല്‍ തമിഴ്‌നാട്ടില്‍ മത്സരിക്കണമെന്നും ജെ.ഡി.എസിന് കര്‍ണാടകയില്‍ മത്സരിക്കണമെന്നുമാണ് താല്‍പര്യം. 39 എം.പിമാരെ പാര്‍ലമെന്റിലേക്ക് അയക്കുന്ന തമിഴ്‌നാട്ടിലോ 28 എം.പിമാരെ പാര്‍ലമെന്‍രിലേക്ക് അയക്കുന്ന കര്‍ണാടകയിലോ രാഹുല്‍മത്സരിച്ചാലേ കോണ്‍ഗ്രസിന് ഗുണം ലഭിക്കു എന്ന നിലപാട് ഹൈക്കമാന്റിലും ശക്തമാണ്. കര്‍ണാടക നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയാണ് കോണ്‍ഗ്രസും ജെ.ഡി.എസും ഇവിടെ സഖ്യമായി ഭരിക്കുന്നത്.

oomman chandy

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്ന സൂചനകളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ രാഹുല്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് നേട്ടമാകുമെന്നാണ് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നിലപാട്.

തമിഴ്‌നാടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ -കോണ്‍ഗ്രസ് മുന്നണിക്ക് മികച്ചമുന്നേറ്റമുണ്ടാകുമെന്ന കണക്കുകൂട്ടലുമുണ്ട്. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആദ്യമായി ഉയര്‍ത്തികാട്ടിയത് ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിനാണ്. രാഹുലുമായി ഏറെ അടുപ്പമുള്ള ഇടതുപക്ഷ നേതാക്കളും ഈ ആവശ്യമാണ് ഉന്നയിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമാണ്. തമിഴ്‌നാട്ടില്‍ സഖ്യമായി മത്സരിക്കുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുന്നത് ശരിയല്ലെന്ന നിലപാടും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാഹുല്‍ഗാന്ധിയുടെ മനസറിയാതെ വയനാട്ടില്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കെ.പി.സി.സി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയിലാണ് രാഹുല്‍ഗാന്ധി. പ്രഖ്യാപനം നടത്തി ഇതുവരെയും രാഹുല്‍വരുമോ എന്ന കാര്യത്തില്‍ ഉറച്ച തീരുമാനം പറയാന്‍പോലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കഴിയുന്നില്ല. ഹൈക്കമാന്റുമായി അടുത്ത ബന്ധമുള്ള കെ.സി വേണുഗോപാല്‍, വി.എം സുധീരന്‍, പി.സി ചാക്കോ എന്നിവര്‍ ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയെ പ്രതികൂട്ടിലാക്കിയിരിക്കുകയാണിപ്പോള്‍.

political reporter

Top