വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി രാഹുല്‍ ഗാന്ധി; അമ്പതിനായിരം കിലോ അരി നല്‍കും

വയനാട്: കനത്തമഴയും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ച വയനാടിന് കൈത്താങ്ങായി രാഹുല്‍ ഗാന്ധി എംപി. 50000 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് മുഖേന വയനാട്ടിലെത്തിച്ചു.

രണ്ട് ഘട്ടമായിട്ടാണ് സാധനങ്ങള്‍ വയനാട്ടില്‍ എത്തിച്ചത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ ലഭ്യമാക്കി. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തിച്ചു.

അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്റൂം, ഫ്‌ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വയനാടും മലപ്പുറവും സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ആദ്യത്തെ ദിവസം ഉരുള്‍പൊട്ടലില്‍ വന്‍നാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചില്‍ ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്.

Top