തനിയ്ക്ക് ഭീഷണിയൊന്നുമില്ല; ഇപ്പോള്‍ നല്‍കിയ സുരക്ഷ വേണ്ടെന്ന് പി പി സുനീര്‍

വയനാട്: വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍. തനിയ്ക്ക് ഭീഷണിയൊന്നുമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥന്റെ ആവശ്യമില്ലെന്നും ഇപ്പോള്‍ നല്‍കിയ സുരക്ഷ വേണ്ടെന്നും പി പി സുനീര്‍ പറഞ്ഞു.

അതേസമയം, മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷ വേണമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം സംസ്ഥാനസര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

മാവോയിസ്റ്റുകള്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോഴുള്ള സുരക്ഷ പോരെന്നും അതിനാല്‍ കൂടുതല്‍ സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് തുഷാര്‍ സംസ്ഥാനസര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്.

വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. സുനീറിനും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും മാവോയിസ്റ്റ് ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകുവാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അതേസമയം, സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പിപി സുനീറിനും തുഷാര്‍ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Top