വയനാട്ടിലെ റോഡുകള്‍ പുനഃനിര്‍മിക്കാന്‍ ഫണ്ട് വേണം : നിതിന്‍ ഗഡ്കരിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്‌

ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനും അറ്റക്കുറ്റപ്പണി ചെയ്യാനുമായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു.

അറ്റകുറ്റപ്പണി ആവശ്യമായ റോഡുകളുടെ വിവരങ്ങള്‍ സഹിതമാണ് രാഹുല്‍ ഗാന്ധി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ദേശീയപാതയടക്കമുള്ള റോഡുകള്‍ തകരുകളും പിളര്‍ന്നു പോകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റോഡുകളുടെ നവീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് തന്റെ മണ്ഡലമായ വയനാടിനെയാണെന്നും കത്തില്‍ പറയുന്നു.

ദുരിതബാധിത മേഖലയായ വയനാട്ടില്‍ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വഴി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വയനാട്ടില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവികസനമന്ത്രി നരേന്ദ്രസിംഗ് തോമറിനും രാഹുല്‍ ഗാന്ധി നേരത്തെ കത്ത് നല്‍കിയിരുന്നു.

ഇതിനിടെ ചൊവ്വാഴ്ചയും ബുധനാഴ്ചയും വയനാട് ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

Top