wayanad – land

കല്‍പ്പറ്റ: വയനാട്ടില്‍ കുന്നിടിക്കലും നിലം നികത്തലും വ്യാപകം. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ലക്കിടിയിലടക്കം വ്യാപകമായി നികത്തലും കുന്നിടിക്കലും സജീവമാണ്. നീര്‍ത്തടങ്ങളും ചതുപ്പ് നിലങ്ങളും നികത്തിയവയില്‍ ഉള്‍പ്പെടുന്നു.

ഭൂമാഫിയകള്‍ നിലം നികത്തുന്നത് തെരഞ്ഞെടുപ്പിന്റെ മറവിലാണെന്ന് ആരോപണം. പരാതിപ്പെട്ടിട്ടും നടപടികളില്ല. നികത്തലിനു ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് വയനാട് ജില്ലയില്‍ നിലം നികത്തലും കുന്നിടിക്കലും വ്യാപകമായത്. മണ്ണിട്ടു നികത്തുന്നതിനായി വയലുകള്‍ കല്ലുകെട്ടി തിരിച്ചിരിക്കുന്നതും കാണാം.

ടൂറിസം വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നത്. പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായ ലക്കിടിയിലും നികത്തല്‍വ്യാപകമായി കഴിഞ്ഞു. കബനീനദിയുടെ കൈവഴിയായ കല്ലോലി പുഴയുടെ തീരത്തെ ചതുപ്പ് നിലങ്ങളും നികത്തിയവയില്‍ ഉള്‍പ്പെടുന്നു.

അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും വിഷയത്തില്‍ നടപടിയൊന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ് സമയത്തെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ ജില്ലയില്‍ പ്രത്യേക സ്‌ക്വാഡ് വേണമെന്ന ആവശ്യം ശക്തമാണ്.

Top