വയനാട്ടില്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

വയനാട്: വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഭര്‍ത്താവിന് കഴിഞ്ഞ ദിവസം മര്‍ദനമേറ്റിരുന്നു.

ഒക്ടോബര്‍ 21ന് ആണ് വൈത്തിരിയിലെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സക്കീനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്തിലെ മുറിവ് തൂങ്ങിമരിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണെങ്കിലും ചുണ്ടിലെ മുറിവിന്റെ കാരണം വ്യക്തമല്ല. ഈ മുറിവ് ഇതുവരെ അന്വേഷണസംഘത്തിന്റെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല.

ഇതിനിടെ തനിക്ക് ജിവന് ഭീഷണിയുണ്ടെന്ന് സക്കീനയുടെ സുഹൃത്ത് തുളസി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സക്കീനയുടെ മരണത്തില്‍ പി ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ഭര്‍ത്താവ് ജോണിന് മര്‍ദനമേറ്റ സാഹചര്യത്തിലാണ് തുളസിയും പരാതി നല്‍കിയത്. ഗഗാറിന്‍ ഭീഷണിപ്പെടുത്തിയതായി സക്കീന തുളസിയോട് വെളിപ്പെടുത്തിയെന്ന് ജോണ്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Top