കോഴിക്കോട്: വയനാട് തനിക്ക് കുടുംബം പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി. പ്രത്യശാസ്ത്രപരമായി എതിര്‍ ഭാഗത്ത് ഉള്ളവരുമായും സംവാദത്തിന് തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് രാഹുല്‍ഗാന്ധി എത്തിയിരിക്കുന്നത്. നാല് ജില്ലകളിലെ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും.
വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കുംമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു. വടക്കേന്ത്യയില്‍ രാഹുല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും താരിഖ് വ്യക്തമാക്കി. ആലപ്പുഴയിലേക്ക് കെ സി വേണുഗോപാലില്ലെന്നും മത്സരിക്കണോ വേണ്ടയോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് തീരുമാനിക്കാമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
സംഘടനാ ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളേയും താരിഖ് തള്ളുന്നു. ലോക് സഭ തെരഞ്ഞെടുപ്പില്‍ കെ സി മത്സരിക്കില്ല. തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ദൗത്യമെന്നും താരിഖ് അന്‍വര്‍ വിശദീകരിക്കുന്നു. പാര്‍ട്ടിയുടെ താല്‍പര്യം അദ്ദേഹം മത്സരിക്കേണ്ടെന്നാണ്. തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണ്ണായകമാണ്.