വയനാട് ഓറഞ്ച് സോണില്‍, കോട്ടയവും കണ്ണൂരും റെഡില്‍, തൃശൂരുൾപ്പെടെ 3 ജില്ലകൾ ഗ്രീനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ ഗ്രീന്‍ സോണിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.21 ദിവസമായി പുതിയ കേസുകള്‍ ഇല്ലാത്ത ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളാണ് ഗ്രീന്‍ സോണിലുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പട്ടികയില്‍ എറണാകുളം, വയനാട് ജില്ലകളായിരുന്നു ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍, ഇന്നത്തെ പരിശോധനയില്‍ ഒരു പോസിറ്റീവ് കേസ് കണ്ടെത്തിയതിനാല്‍ വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂര്‍, കോട്ടയം ജില്ലകളെയാണ് കേന്ദ്രം റെഡ് സോണില്‍പ്പെടുത്തിയത്. റെഡ് സോണ്‍ ജില്ലകളിലെ ഹോട്‌സ്‌പോട്ടുകളിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണം കര്‍ശനമാക്കും. ബാക്കി സ്ഥലങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.

കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം,വയനാട് ജില്ലകളാണ് ഓറഞ്ച് സോണില്‍.

സംസ്ഥാനത്ത് 80 ഹോട്ട് സ്പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 23 ഹോട്ട് സ്പോട്ടുകള്‍ കണ്ണൂരിലാണ്. ഇവിടെ 38 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കിയിലും കോട്ടയത്തും 11 ഹോട്ട് സ്പോട്ടുകള്‍ വീതമുണ്ട്. ഇടുക്കിയില്‍ 12 പേരും കോട്ടയത്ത് 18 പേരുമാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

പുതുതായി ഒരു സ്ഥലത്തെയും ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top