പരിസ്ഥിതി ലോല പ്രദേശമാക്കുന്നു; വയനാട്ടില്‍ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

വയനാട്:വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിധിയെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. ഞായറാഴ്ച വൈകിട്ട് ജില്ലയിലെ മുഴുവന്‍ ഇടങ്ങളിലും വിളംബര ജാഥ നടത്തുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ നടത്തുക. ജില്ലയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കരട് വിജ്ഞാപനത്തെ കോടതിയില്‍ നേരിടുന്ന കാര്യം ആലോചിക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു.

കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധങ്ങളുമായി ഇടത്, വലത് മുന്നണികള്‍ രംഗത്തെത്തിയിരുന്നു. കരടു വിജ്ഞാപനം തന്നെ നിയമപരമായി ചോദ്യം ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ പി പി എ കരീം വ്യക്തമാക്കി. വിജ്ഞാപനത്തിനെതിരെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് പരാതി അയക്കാനാണ് ഇടത് തീരുമാനം. വ്യാപാരികളും കര്‍ഷക സംഘടനകളും വയനാട്ടില്‍ സമരം തുടങ്ങിയിട്ടുണ്ട്. കരട് വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന ബത്തേരി രൂപതയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇരു മുന്നണികളും യോഗം ചേര്‍ന്ന് പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിജ്ഞാപനത്തിനിടയാക്കിയത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശമെന്നാണ് യുഡിഎഫിന്റെ ആരോപണം. വിജ്ഞാപനം പിന്‍വലിക്കാന്‍ സംസ്ഥാനം കേന്ദ്രത്തോടാവശ്യപ്പെട്ടില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങാനാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സര്‍ക്കാറിന് നാലു ദിവസമാണ് നല്‍കിയിരിക്കുന്ന സമയമെന്നും യുഡിഎഫ് പറയുന്നു.

Top