വയനാട്ടില്‍ ദമ്പതികളെ അക്രമിച്ച സംഭവം ; മുഖ്യപ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

വയനാട്: വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ പുരുഷനെയും സ്ത്രീയെയും തെരുവില്‍ മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി. ഒളിവിലുള്ള മുഖ്യപ്രതി പായിക്കൊല്ലി സജീവാനന്ദന്റെ ജാമ്യഹര്‍ജിയാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി മാറ്റിയത്.

കേസിലെ മുഖ്യ പ്രതി പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്ത കുമാറിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലോഡ്ജ് നടത്തിപ്പുകാരനായ ഇയാള്‍ സജീവാനന്ദനൊപ്പം യുവതി താമസിച്ചിരുന്ന മുറിയിലെത്തി ശല്യം ചെയ്യുകയായിരുന്നു.

കഴിഞ്ഞദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സജീവാനന്ദനെ കൂടാതെ മറ്റു രണ്ടുപേരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ഇവരില്‍ ഒരാളാണ് കുമാര്‍. മുഖ്യപ്രതി സജീവാനന്ദന്‍ ഇപ്പോഴും ഒളിവിലാണ്.

ജൂലൈ 21-ന് രാത്രി എട്ടോടെയാണ് തമിഴ്‌നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ യുവാവിനും യുവതിക്കും തെരുവില്‍ ക്രൂരമര്‍ദനമേറ്റത്. സ്വദേശത്തേക്കു മടങ്ങുന്നതിനു നഗരത്തില്‍ എത്തിയതിനു പിന്നാലെയായിരുന്നു മുഖ്യപ്രതി സജീവാനന്ദന്‍ ഇരുവരെയും പിന്തുടര്‍ന്ന് മര്‍ദ്ദിച്ചത്.

Top