വയനാട്ടില്‍ പ്രചരണത്തിനു മുമ്പെ കോണ്‍ഗ്രസില്‍ തമ്മിലടി; സിദ്ദിഖിനെ സ്വീകരിക്കാനെത്താതെ വി.വി പ്രകാശിന്റെ അതൃപ്തി

മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ അനുഗ്രഹം തേടിയെത്തിയപ്പോള്‍ വിട്ടു നിന്ന് വി.വി പ്രകാശിന്റെ അതൃപ്തി. വയനാട് മണ്ഡലത്തിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ പ്രധാനിയായിരുന്നു മലപ്പുറം ഡി.സി.സി പ്രസിഡന്റായ വി.വി പ്രകാശ്. നേരത്തെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സിദ്ദിഖും പ്രകാശും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരായിരുന്നു. മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റാകാന്‍ ഉമ്മന്‍ചാണ്ടിയെ കൈവിട്ട് പ്രകാശ്, വി.എം സുധീരന്റെ പക്ഷത്തേക്കു കൂറുമാറിയതോടെയാണ് എ ഗ്രൂപ്പിന് അനഭിമതനായത്.

ഇന്ന് രാവിലെ നിലമ്പൂരില്‍ ആര്യാടന്റെ വീട്ടില്‍ അനുഗ്രഹം തേടാന്‍ സിദ്ദിഖ് എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കളെ മുന്‍കൂട്ടി അറിയിച്ചിരുന്നു. മുന്‍ കെ.എസ്.യു പ്രസിഡന്റ് വി.എസ് ജോയി, ആര്യാടന്‍ ഷൗക്കത്ത് അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും ആവേശത്തോടെ സിദ്ദിഖിനെ വരവേല്‍ക്കാനെത്തിയിരുന്നു. എന്നാല്‍ നിലമ്പൂരിലെ എടക്കരയിലുള്ള വിവി പ്രകാശ് മാത്രം എത്തിയില്ല. സിദ്ദിഖ് വിളിച്ചപ്പോള്‍ ഫോണെടുത്തതുമില്ല. ഒടുവില്‍ ആര്യാടന്‍ മുഹമ്മദ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുളിക്കുകയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. സിദ്ദിഖാവട്ടെ ആര്യാടന്റെ അനുഗ്രഹവും തേടി പ്രകാശിനെ കാണാതെ മുക്കത്തേക്കു മടങ്ങി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിനൊപ്പം വി.വി പ്രകാശിനെയും പരിഗണിച്ചിരുന്നു. സീറ്റു ലഭിക്കാതായതോടെ പ്രകാശ് ,ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസില്‍ ആരോപണം ഉയര്‍ന്നിരുന്നു. സീറ്റു നിഷേധിക്കപ്പെട്ട പ്രകാശിന് നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ ആര്യാടനും ഷൗക്കത്തിനുമെതിരെ മുദ്രാവാക്യവും ഉയര്‍ന്നു.

നിലമ്പൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വന്‍ഷന്‍ ബഹിഷ്‌ക്കരിച്ച പ്രകാശിനെ കെ.പി.സി.സി നേതൃത്വം ഇടപെട്ടാണ് പഞ്ചായത്ത് കണ്‍വന്‍ഷനുകളില്‍ പങ്കെടുപ്പിച്ചത്. എടക്കര പഞ്ചായത്ത് ഓഫീസില്‍ വി.വി പ്രാശിന്റെയും ഇടത് സ്വതന്ത്രന്‍ പി.വി അന്‍വറിന്റെയും കൂടിക്കാഴ്ചയും വിവാദമായിരുന്നു. പ്രകാശിന്റെ അനുഗ്രഹത്തോടെയാണ് അന്‍വറിന്റെ മത്സരമെന്നായിരുന്നു ഇടതു ക്യാമ്പിന്റെ പ്രചരണം. ഇതിനെ പ്രതിരോധിക്കാനും പ്രകാശ് രംഗത്തെത്തിയിരുന്നില്ല. കോണ്‍ഗ്രസില്‍ പാലംവലി നടന്നതോടെയാണ് ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി അന്‍വര്‍ നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകാനും പ്രകാശ് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ പ്രകാശിനെതിരെ ടി .സിദ്ദിഖിന്റെ പേരാണ് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ശക്തമായി ഉയര്‍ത്തിയത്. പ്രകാശിനെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ത്തികാട്ടി സിദ്ദിഖിനെ വെട്ടാനുള്ള രമേശ് ചെന്നിത്തലയുടെ തന്ത്രവും സിദ്ദിഖിനെ മാത്രം നിര്‍ദ്ദേശിച്ച് ഉമ്മന്‍ചാണ്ടി വെട്ടുകയായിരുന്നു. ഇതോടെയാണ് വയനാട്ടില്‍ സിദ്ദിഖിന് നറുക്ക് വീണത്.

മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി എന്ന പരിവേഷവും വയനാട്ടില്‍ സിദ്ദിഖിന് ലഭിക്കും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഉള്‍പ്പെടുന്ന മണ്ഡലമാണ് വയനാട്. വയനാട്ടിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മലപ്പുറത്തെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. കോണ്‍ഗ്രസ് ഏറ്റവും വലിയ വിജയം പ്രതീക്ഷിക്കുന്ന വയനാട്ടിലെ തമ്മിലടി അണികളില്‍ രോഷം പരത്തിയിട്ടുണ്ട്.

Top