വയനാട് മലകയറ്റം രാഹുലിന് ദുസ്സഹം . . ചുവപ്പ് കടലിരമ്പം കണ്ട് ഞെട്ടി നേതൃത്വം !

യനാട്ടില്‍ വിജയിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെപ്പോലും വിറപ്പിച്ചിരിക്കുകയാണിപ്പോള്‍ ചെമ്പട.

കൊട്ടിഘോഷിച്ച് മലകയറി രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോയെ അപ്രസക്തമാക്കുന്നതാണ് ഇടതുപക്ഷം വയനാട്ടില്‍ നടത്തിയ റോഡ് ഷോ. ഒരു താര പ്രചാരകരും ഇല്ലാതെ മന്ത്രിമാരായ മണിയാശാനും ശൈലജയും കടന്നപ്പള്ളിയും സുനില്‍ കുമാറും നയിച്ച റോഡ് ഷോ അക്ഷരാര്‍ത്ഥത്തില്‍ വയനാടിനെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു.

രാഹുലിന് വേണ്ടി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ഉള്‍പ്പെടെ അയല്‍ ജില്ലകളില്‍ നിന്നും ആളുകളെ ഇറക്കിയാണ് യു.ഡി.എഫ് റോഡ് ഷോ നടത്തിയത്. എന്നാല്‍ ഇടതുപക്ഷം നടത്തിയ റോഡ് ഷോയില്‍ വയനാട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും രാഹുലിന്റെ റോഡ് ഷോയെ കടത്തിവെട്ടുന്ന ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കാന്‍ ചെമ്പടക്ക് കഴിഞ്ഞു.

വയനാട്ടില്‍ തമ്പടിച്ച് രാഹുലിനായി പ്രവര്‍ത്തിക്കുന്ന ഹൈക്കമാന്റ് നിരീക്ഷകരുടെയും കോണ്‍ഗ്രസ്സ് നേതാക്കളുടെയും ചങ്കിടിപ്പിക്കുന്നതായിരുന്നു ചുവപ്പിന്റെ ഒഴുക്ക്. ഗൗരവമായി ഈ റോഡ് ഷോയെ കണ്ട് പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ഹൈക്കമാന്റ് കെ.പി.സി.സി നേതൃത്വത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വയനാട്ടില്‍ മത്സരിക്കുന്നത് സി.പി.ഐ ആണെങ്കിലും സി.പി.എം ആണ് കളത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വയനാടന്‍ മല കീഴടക്കല്‍ അത്ര എളുപ്പമല്ലെന്ന് ഇപ്പോള്‍ രാഹുലിന് തന്നെ ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടി സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ചലിപ്പിച്ച് അവസാനത്തെ വോട്ടും ചെയ്യിപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് സി.പി.എം പ്രവര്‍ത്തകര്‍ നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തിയതോടെ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവന്നിട്ടുണ്ട്.

ചുവപ്പിനെ തുടച്ച് നീക്കാന്‍ കേരളത്തില്‍ അവതരിച്ച രാഹുലിന് കനത്ത പ്രഹരം നല്‍കി തിരിച്ചയക്കണമെന്നാണ് മുന്നണി നേതാക്കള്‍ കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കോണ്‍ഗ്രസ് അദ്ധ്യക്ഷനായ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍പോലും രാഹുല്‍തരംഗമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. റോഡ് ഷോയും കര്‍ഷകമാര്‍ച്ചും നടത്തി ഇടതുപക്ഷം കളം പിടിക്കുമ്പോള്‍ അലസതയും ആസൂത്രണം ഇല്ലാത്തതുമാണ് കോണ്‍ഗ്രസ് പ്രചരണത്തെ പാളം തെറ്റിക്കുന്നത്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസ് തരംഗമുണ്ടാക്കുമെന്നുള്ള നേതൃത്വത്തിന്റെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞടിയുന്നത്.

കര്‍ണാടകയും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനായ വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാകെ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുമെന്നാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി പ്രഖ്യാപിച്ചത്.

എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിന്റെ പേരില്‍ കര്‍ണാടകത്തില്‍ രാഹുല്‍ തരംഗമില്ലെന്ന് കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെ.ഡി.എസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ ഭാവി തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എ.ഐ.സി.സി, കെ.പി.സി.സി നേതാക്കള്‍ തമ്പടിക്കുകയും മുക്കിന് മുക്കിന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വീടുകയറിയുള്ള വോട്ടുപിടുത്തവും പ്രചരണവാഹനങ്ങളും പോസ്റ്ററുകളുമൊന്നും ആവശ്യത്തിനില്ലാത്ത കാഴ്ചയാണെങ്ങും ദൃശ്യമാകുന്നത്.

രാഹുല്‍ഗാന്ധിയും പ്രിയങ്കയുമെത്തി വയനാട്ടില്‍ പത്രികനല്‍കുമ്പോള്‍ നടത്തിയ റോഡ് ഷോയുടെ ആവേശത്തിന്റെ ഹാങോവറിലാണ് കോണ്‍ഗ്രസ് നേതൃത്വം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രചരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. റോഡ് ഷോയുടെ ആവേശം മണ്ഡലത്തിലുടനീളം പരത്താനുള്ള ഒരു നീക്കവും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

വയനാടിനെ പാക്കിസ്ഥാനോടുപമിച്ചുള്ള ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിച്ചതോടെ ഇടതുപക്ഷം പതിയെ കളംപിടിക്കുന്ന അവസ്ഥയാണുള്ളത്.

മന്ത്രിമാരുടെ നേതൃത്വത്തില്‍ റോഡ് ഷോയും കര്‍ഷകമാര്‍ച്ചും നടത്തി ഇടതുമുന്നണി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിക്കഴിഞ്ഞു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ആര്‍ക്കെതിരെന്ന ചോദ്യമുയര്‍ത്തിയുള്ള ഇടതുപ്രചരണം ബഹുദൂരം മുന്നിലാണ്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ പോസ്റ്ററുകളോ പ്രചരണവാഹനങ്ങളോ കാര്യമായില്ല എന്നതും ശ്രദ്ധേയമാണ്.

അഞ്ചു തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടശേഷം ചുരംകയറിയെത്തിയ അന്യനാട്ടുകാരനായ എം.ഐ ഷാനവാസിനെ 2009തില്‍ 1,53,439 വോട്ടിന്റെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച മണ്ഡലമാണ് വയനാട്. അന്ന് എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. മുരളീധരന്‍ 99,663 വോട്ടുമായി മികച്ച പ്രകടമാണ് കാഴ്ചവെച്ചത്.

മുരളിയുടെ വോട്ടുകൂടി കണക്കിലെടുത്താല്‍ രാഹുല്‍ഗാന്ധിക്ക് രണ്ടര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊടുക്കാന്‍ കെ.പി.സി.സി നേതൃത്വത്തിനു കഴിഞ്ഞില്ലെങ്കില്‍ അത് തിരിച്ചടിയാകും. 2014ലെ തെരഞ്ഞെടുപ്പിലെ 20,000 ഭൂരിപക്ഷത്തിന്റെ കണക്കുപറഞ്ഞ് തടിതപ്പാന്‍ മുല്ലപ്പള്ളിക്കും സംഘത്തിനും കഴിയില്ല. രാഹുലിന് മൂന്നര ലക്ഷത്തിലധികം വോട്ടുകിട്ടുമെന്ന് പറഞ്ഞ് മണ്ഡലത്തില്‍ ചുറ്റിയടിക്കുന്ന തിരക്കിലാണിപ്പോള്‍ ഖദറിട്ട നേതാക്കള്‍.

ലീഗിനെ വൈറസാക്കിയ യോഗി ആദിത്യനാഥിനെയും വയനാടിനെ പാക്കിസ്ഥാനാക്കിയ അമിത്ഷായെയും ശക്തമായി കടന്നാക്രമിക്കാനും കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് ഇതില്‍ അതൃപ്തിയുണ്ട്. ഈ അതൃപ്തി വോട്ടാക്കാനുള്ള തന്ത്രമാണ് വയനാട്ടില്‍ ഇടതുപക്ഷം പയറ്റുന്നത്.

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കര്‍ണാടകയില്‍ ഗുണം ചെയ്യുമെന്ന ജെ.ഡി.എസിന്റെ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ അധ്യക്ഷന്‍ ദേവഗൗഡ തുമകുരുവിലും മാണ്ഡ്യയില്‍ പേരക്കുട്ടിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍കുമാരസ്വാമിയുമാണ് മത്സരിക്കുന്നത്. രണ്ടിടത്തും കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇവര്‍ക്കെതിരായാണ് നിലയുറപ്പിച്ചിരിക്കുന്നത്.

മാണ്ഡ്യയിലാവട്ടെ, മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ അംബരീഷിന്റെ ഭാര്യ സുമലതയെ പിന്തുണക്കുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. അംബരീഷിന്റെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.ജെ.പി പിന്തുണയ്ക്കുന്നതും സുമലതയെയാണ്. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കടുത്ത മത്സരമാണ് ഇവിടെ നേരിടുന്നത്. ലോക്‌സഭയില്‍ 20 സീറ്റില്‍ കോണ്‍ഗ്രസും എട്ടു സീറ്റില്‍ ജെ.ഡി.എസുമാണ് മത്സരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ 78 സീറ്റ് ലഭിച്ച കോണ്‍ഗ്രസ് 38 സീറ്റ് ലഭിച്ച ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കുകയായിരുന്നു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യ മന്ത്രിസഭയില്‍ ചേരാതെ ഇപ്പോഴും മാറി നില്‍ക്കുകയാണ്.

മന്ത്രിസഭാ വികസനം മുതല്‍ സഖ്യസര്‍ക്കാരില്‍ കല്ലുകടികളേറെയുണ്ട്. മന്ത്രിസഭ പുനസംഘടനയില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ട രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരിപ്പോള്‍ ബി.ജെ.പി പാളയത്തിലാണ്.

ഇതിനിടെയാണ് ദേവഗൗഡയുടെയും പേരക്കുട്ടി നിഖിലിന്റെയും വിജയം സഖ്യസര്‍ക്കാരിന്റെ നിലനില്‍പ്പിന് നിര്‍ണ്ണായകമാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ നിലംപതിക്കുമെന്ന് ബി.ജെ.പി കര്‍ണാടക അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായി ബി.എസ് യെദ്യൂരപ്പയും വ്യക്തമാക്കിയിട്ടുണ്ട്.

രാഹുലിന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ത്ഥിത്വം ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിന്റെ പതനത്തിനു തന്നെ വഴിയൊരുക്കുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Top