ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നത് കലക്ടര്‍ പോലും അറിയാതെ; വിശദീകരണം തേടി കലക്ടര്‍

വയനാട് : ബാണാസുരസാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതില്‍ കെ.എസ്.ഇ.ബിയോട് വയനാട് കലക്ടര്‍ വിശദീകരണം തേടി. മുന്നറിയിപ്പ് നല്‍കാതെ ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ് വയനാടന്‍ ജനങ്ങള്‍ വഴിയാധാരമാക്കന്‍ കാരണമെന്ന് പടിഞ്ഞാറത്തറ വില്ലേജ് ഓഫിസര്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവിധ അറിയിപ്പുകളും നല്‍കിയിരുന്നുവെന്നാണ് കെ.എസ്.ഇ.ബി. നല്‍കുന്ന വിശദീകരണം.

മൂന്ന് ദിവസങ്ങളിലായി ഡാമിന്റെ ഷട്ടറുകള്‍ ചരിത്രത്തിലാദ്യമായി 290 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത്. അന്ന് രാത്രിയോട് കൂടി നൂറ് കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പടിഞ്ഞാറത്താറ വില്ലേജിലെ ഓഫിസര്‍ക്ക് ദുരന്തത്തെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല.

ഗുരുതരമായ വീഴ്ചയാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണ് അണക്കെട്ടായ ബാണാസുര സാഗര്‍ തുറക്കുന്നതിന് മുമ്പ് സാങ്കേതികമായ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. ഓറഞ്ച് അലര്‍ട്ടോ റെഡ് അലര്‍ട്ടോ ഒന്നുമില്ലാതെ പാതിരാത്രിയില്‍ ഡാം തുറന്നുവിടുകയാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ഉള്‍പ്പടെയുള്ളവര്‍ നടുക്കം പ്രകടിപ്പിച്ചിരുന്നു.

Top