ആദ്യ സാഹിത്യോത്സവത്തിനൊരുങ്ങി വയനാട്; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മാനന്തവാടി: സാഹിത്യോത്സവത്തിന് ഇന്ന് വയനാട് മാനന്തവാടി ദ്വാരകയിൽ തുടക്കമാവും. ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. വയനാടിൻറെ ചരിത്രത്തിലാദ്യമായി നടത്തുന്ന സാഹിത്യോത്സവം എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ സാഹിത്യോത്സവത്തിന്.

പ്രമുഖ സാഹിത്യകാരി അരുന്ധതി റോയി, സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ, സക്കറിയ, കെ.ആർ മീര, കൽപ്പറ്റ നാരായണൻ, മധുപാൽ, റഫീഖ് അഹമ്മദ് തുടങ്ങി അമ്പതോളം സാഹിത്യകാരന്മാരാണ് സാഹിത്യോത്സവത്തിന്റെ വിവിധ സെഷനുകളിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി രാവിലെ 9.30ന് ജുഗൽബന്ദിയും സാഹിത്യ ക്വിസും നടക്കും. നാല് വേദികളിലായാണ് മൂന്ന് ദിവസങ്ങളിലായി സാഹിത്യോത്സവവും ഫിലിംഫെസ്റ്റിവലും ഫുഡ്‌ഫെസ്റ്റും നടക്കുന്നത്.

ചെറുവയൽ രാമന്റെ നേതൃത്വത്തിൽ കബനി നദിക്കരയിലൂടെ നടത്തുന്ന ‘ഹെറിറ്റേജ് വാക്ക്’ ഡബ്ല്യു.എൽ.എഫിന്റെ മുഖ്യആകർഷണങ്ങളിൽ ഒന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മാവേലി മൺറം, നെല്ല്, കബനി, ആഴി എന്നിങ്ങനെ നാലു വേദികളിലായാണ് മൂന്ന് ദിവസങ്ങളിൽ പരിപാടി നടക്കുക.

കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചുള്ള ഫിലിം ഫെസ്റ്റിവലിൽ ഇറാൻ, അൾജീരിയ, ലബനാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തരായ സംവിധായകരുടെ സിനിമകളും കുട്ടികൾക്കായുള്ള സിനിമകളും പ്രദർശിപ്പിക്കും.

Top