വയനാട്ടില്‍ 144 പ്രഖ്യാപിച്ചു; ആഘോഷപരിപാടികളും മറ്റും നിരോധിച്ചു

കല്‍പ്പറ്റ: കൊറോണ വൈറസ് രോഗ രോഗവ്യാപനം തടയുന്നതിനായി വയനാട് ജില്ലയില്‍ 144 പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കളായ വിവിധ തരം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍, പാല്‍, വെള്ളം മരുന്നുകള്‍, പച്ചക്കറികള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കാമെന്ന് കളക്ടര്‍ വ്യക്തമാക്കി. മതപരമായ ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, ആരാധനയ്ക്കായി ഒത്തുചേരല്‍, ടൂര്‍ണ്ണമെന്റുകള്‍, കായിക മത്സരങ്ങള്‍, ഘോഷയാത്രകള്‍, പട്ടികവര്‍ഗ്ഗ കോളനികളിലേക്കുള്ള പ്രവേശം, ജില്ലയ്ക്ക് അകത്തുള്ള അനാവശ്യ സഞ്ചാരം, വിവാഹങ്ങള്‍, ഗൃഹപ്രവേശ ചടങ്ങുകള്‍ തുടങ്ങിയവ ജില്ലയില്‍ നിരോധിച്ചു.

ഇന്ധന വിതരണ സ്ഥാപനങ്ങള്‍, ടെലികോം, പോസ്റ്റ് ഓഫിസ്, എടിഎം, ബാങ്ക് എന്നിവക്കും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ ഇവിടങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇതിനായി പൊലീസിന്റെ സഹായം തേടാം. നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദ്ദേശം ലംഘിച്ചാല്‍ പൊലീസ് കര്‍ശന നടപടിയെടുക്കണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവ അടച്ചിടാനും കളക്ടറുടെ ഉത്തരവ് വ്യക്തമാക്കുന്നു.

Top