watsapp video call lnk;Beware!

വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വിഡിയോ കോള്‍ ഇതിനോടകം തന്നെ ഉപഭോക്താക്കളുടെ ഇടയില്‍ ഹിറ്റായി കഴിഞ്ഞു.

ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാകുന്നത്‌. മാസങ്ങള്‍ക്കു മുന്‍പേ തന്നെ ഇതിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ വാട്‌സാപ്പ് വീഡിയോ കോള്‍ വ്യാജ ലിങ്കുകള്‍ ഇപ്പോള്‍ വാട്‌സാപ്പില്‍ വൈറലാവുകയാണ്.

വാട്‌സാപ്പ് ‘വിഡിയോ കോളിങിനു ക്ലിക്ക് ചെയ്യുക’ എന്ന പേരില്‍ വെരിഫൈ ചെയ്യാത്ത ലിങ്കുകള്‍ വാട്‌സാപ്പില്‍ പ്രചരിച്ചിരുന്നു.

ഈ ലിങ്ക് വ്യാജമാണെന്നും സൂക്ഷിക്കണമെന്നുമാണ് വാട്‌സാപ്പ് ഉപഭേക്താക്കല്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ അപകടകരമായ വൈറസ് ആക്രമണങ്ങള്‍ക്ക് വിധേയമാവും.

വോയ്‌സ് കോളിങ് ആദ്യമായി വന്നപ്പോള്‍ ഒരാള്‍ മറ്റൊരാളെ വിളിക്കുമ്പോള്‍ സൗകര്യം ലഭ്യമാവുന്ന രീതിയില്‍ വാട്‌സാപ്പ് പുതിയ രീതി പരീക്ഷിച്ചിരുന്നു. ഇതേ രീതിയിലാണ് വിഡിയോ കോളിങ് ലഭിക്കുക എന്ന പേരിലാണ് ലിങ്ക് ഷെയര്‍ ചെയ്യപ്പെടുന്നത്. യഥാര്‍ഥ വിഡിയോ കോളിങ് ക്ഷണം ലിങ്ക് വഴിയല്ല ലഭിക്കുന്നത്. ഇതിനു കമ്പനി വെബ്‌സൈറ്റിന്റെ സഹായം പോലും ഉപയോഗിക്കുന്നില്ല. ആപ്പ് സ്റ്റോറുകളില്‍ പോയി ലേറ്റസ്റ്റ് വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്താല്‍ താനേ ലഭ്യമാകും.

വാട്‌സാപ്പില്‍ ഈ വ്യാജ ലിങ്ക് ഇപ്പോഴും വൈറലായി കഴിഞ്ഞു. ഈ ക്ഷണം സ്വീകരിച്ചാല്‍ മാത്രമേ വാട്‌സാപ്പില്‍ വിഡിയോ കോളിങ് ലഭ്യമാവൂ എന്നും ചില ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഉപയോഗിക്കുന്ന ഫോണിനനുസരിച്ച് Google Play/App Store/ Windows Store ഇവയിലേതിലെങ്കിലും പോയി വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ എല്ലാവര്‍ക്കും വിഡിയോ കോള്‍ സൗജന്യമായി ലഭിക്കും.

ലിങ്ക് കണ്ടാല്‍ ആരും വിശ്വസിച്ചു പോവുന്ന രീതിയിലാണ് വ്യാജന്മാര്‍ പണി ഒപ്പിച്ചിരിക്കുന്നത്. ഒരു ലിങ്ക് മാത്രമല്ല ഇങ്ങനെ പ്രചരിക്കുന്നത്. ‘whatsapp.org.videocallenable.co’ ,’whatsappvideostart.com’ എന്നിങ്ങനെയുള്ള ലിങ്കുകളുടെ ഇന്റര്‍ഫേസുകള്‍ യഥാര്‍ഥ ആപ്പിന്റെ അതേ കളര്‍ പാറ്റേണിലാണുള്ളത്. മധ്യഭാഗത്തായി പച്ച ബട്ടന്‍ കാണാം. വിഡിയോ കോളിംഗ് ആക്റ്റിവേറ്റ് ചെയ്യാന്‍ ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യാനാണ് പറയുന്നത്.
video-link
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ വാട്‌സാപ്പിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കാന്‍ ആവശ്യപ്പെടുന്ന ഒരു പേജിലേക്കാണ് പോവുക. വാട്‌സാപ്പ് ഇതുവരെ കൊണ്ടുവന്നിട്ടില്ലാത്ത ഗ്രൂപ്പ് കോളിങ് സൗകര്യം വരെ ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്! ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുക എന്നതാണ് ഇതിലൂടെ വ്യാജന്മാരുടെ ലക്ഷ്യം.

ഇങ്ങനെയുള്ള ലിങ്കുകള്‍ കണ്ടാല്‍ പരമാവധി ഒഴിവാക്കുക എന്നതാണ് നല്ല വഴി. അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണില്‍ വൈറസ് ആക്രമണം ഉറപ്പായും ഉണ്ടാവും. ക്രോമിലാണ് ലിങ്ക് തുറക്കുന്നതെങ്കില്‍ സൂക്ഷിക്കാന്‍ പറഞ്ഞു കൊണ്ട് മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും. എന്നാല്‍ മറ്റുള്ള ബ്രൗസറുകളില്‍ ഇത്തരം സൗകര്യമില്ല. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറേണ്ടത് അത്യാവശ്യമാണ്. ഓര്‍ക്കുക, വിഡിയോ കോളിങ് ആക്റ്റിവേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് കമ്പനി ആര്‍ക്കും ഒരു മെസേജും ഇതുവരെ അയച്ചിട്ടില്ല.

Top