കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍; ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് വാട്ടസ്ആപ്പ്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചില നിബന്ധനകള്‍ മെസ്സേജിങ് ആപ്പായ വാട്ടസ്ആപ്പിനെ കാര്യമായി ബാധിച്ചേക്കുമെന്ന് സൂചന. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം കമ്പനി ഗൗരവപൂര്‍വ്വം പരിഗണിക്കുകയാണെന്നും ഉടന്‍ തന്നെ തീരുമാനത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏകദേശം 20 കോടി ഉപയോക്താക്കളാണ് വാട്ടസ്ആപ്പിന് ഇന്ത്യയില്‍ ഉള്ളത്. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കളുള്ള ഈ മെസേജിങ് സേവനത്തിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്.

ഇന്ത്യ കൊണ്ടുവരാന്‍ പോകുന്ന നിയന്ത്രണങ്ങളില്‍ പലതും വാട്‌സാപ്പിന് സ്വീകാര്യമല്ല എന്നതാണ് കാരണം. വാട്‌സാപ്പിന് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനാണ് ഇപ്പോഴുള്ളത്. അതായത് മെസേജ് അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും മാത്രമാണ് അത് കാണാനാകുക. ഈ ഒരു ഫീച്ചര്‍ ഇല്ലെങ്കില്‍ വാട്‌സാപ് പൂര്‍ണ്ണമായും മറ്റൊരു ആപ്പായി തീരുമെന്ന് കമ്യൂണിക്കേഷന്‍സ് മേധാവി കാള്‍ വൂഗ് പറഞ്ഞു.

എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ വ്യാജവാര്‍ത്ത പരത്തുന്ന കുറ്റവാളിയെ കണ്ടെത്താനാകുന്നില്ല എന്നാണ് സര്‍ക്കാരിന്റ വാദം. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ഇനി വാട്‌സാപ് പോലെയുള്ള ഓരോ സര്‍വീസ് പ്രൊവൈഡറും വാര്‍ത്ത ആദ്യം നല്‍കിയ ആളെ ചൂണ്ടിക്കാണിക്കേണ്ടി വരും. ഇന്ത്യയില്‍ നടന്ന പല ജനക്കൂട്ട ആക്രമണങ്ങള്‍ക്കു പിന്നിലും വാട്‌സാപ് ആണെന്നു സര്‍ക്കാരും ഇത്തരം ആക്രമണങ്ങള്‍ തങ്ങളുടെ തലയില്‍ മാത്രം കെട്ടിവയ്ക്കുന്നതെന്തിനെന്ന് കമ്പനി പ്രതികരിച്ചിട്ടുമുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ വാദം അംഗീകരിച്ച് മെസേജ് പരമാവധി അഞ്ചു പേര്‍ക്കു മാത്രമെ ഫോര്‍വേഡ് ചെയ്യാനാകൂ എന്ന നിയന്ത്രണം വാട്‌സാപ് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യയില്‍ ഒരു മേധാവിയെയും വച്ചിരുന്നു.

Top