വാട്ട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ ലഹരിമരുന്ന് പാര്‍ട്ടി; മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ 150 പേര്‍ പിടിയില്‍

പൊള്ളാച്ചി: പൊള്ളാച്ചിയില്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 90 മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ 150 പേര്‍ പിടിയില്‍. ആനമല സേതുമടയില്‍ അണ്ണാനഗറിലെ റിസോര്‍ട്ടില്‍ വാട്‌സ് ആപ്പ് കൂട്ടായ്മകളില്‍ കൂടി സംഘടിച്ചെത്തിയ 150 ഓളം പേര്‍ ലഹരി മരുന്ന് പാര്‍ട്ടി നടത്തുകയായിരുന്നു. ശക്തിമാന്‍ എന്നപേരില്‍ 13 വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ പരിപാടിക്കെത്തിച്ചേര്‍ന്നത്.

വിദ്യാര്‍ഥികള്‍ക്ക് പുറമേ തോട്ടം ഉടമ ഗണേശനും റിസോര്‍ട്ട് ജോലിക്കാരുമടക്കം ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ റിസോര്‍ട്ടിലേക്ക് കാറുകളിലും ബൈക്കുകളിലുമായിട്ടാണ് വിദ്യാര്‍ഥികളെത്തിയത്. അര്‍ധരാത്രിയായപ്പോള്‍ ഉച്ചത്തില്‍ പാട്ടും നൃത്തവും ആരംഭിക്കുകയായിരുന്നു.

ഹെറോയിന്‍, കൊക്കൈന്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഉണ്ടായിരുന്നു. ആഘോഷത്തിനിടയില്‍ പങ്കെടുത്തവര്‍തമ്മില്‍ വാക് പോരും ബഹളവുമുണ്ടായി തുടര്‍ന്ന്, അടുത്ത തോട്ടങ്ങളിലും വീടുകളിലും ഉണ്ടായിരുന്നവര്‍ ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിക്കുകയായിരുന്നു.

നടത്തിപ്പുകാര്‍ ഒരാള്‍ക്ക് 1,200രൂപ വീതം വാങ്ങിയിരുന്നതായി പറയുന്നു. കോയമ്പത്തൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് കൂടുതലും പിടിയിലായത്. റിസോര്‍ട്ട് നടത്താന്‍ ലൈസന്‍സെടുത്തിട്ടില്ലെന്ന് പൊലീസ് പറയുന്നു.

Top