Water war: Centre keeps Kerala’s Siruvani Dam proposal in abeyance

ന്യൂഡല്‍ഹി:അട്ടപ്പാടി ശിരുവാണി നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനത്തിന് കേരളത്തിന് നല്‍കിയ അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.

തമിഴ്‌നാടുമായി സമവായത്തില്‍ എത്തിയ ശേഷം പഠനം മതിയെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. പഠനത്തിന് കേന്ദ്രം നേരത്തെ കേരളത്തിന് അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ശിരുവാണി നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ ശ്രമം തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. തമിഴ്‌നാടുമായി ആലോചിക്കാതെയാണ് അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി ജയലളിത ഓഗസ്റ്റ് അവസാനം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിപക്ഷമായ ഡി.എം.കെയും പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ശിരുവാണി നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍ ജില്ലകള്‍ മരുഭൂമിയായി മാറുമെന്നും ഡി.എം.കെ ആരോപിച്ചിരുന്നു.

അട്ടപ്പാടിയിലെ കുടിവെള്ള, ജലസേചന പദ്ധതികള്‍ക്കായി അണക്കെട്ട് അനിവാര്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. ഇതിനായി 1970കളില്‍ ആരംഭിച്ച നടപടികള്‍ പിന്നീട് മുടങ്ങുകയായിരുന്നു.

Top