ജലദുരുപയോഗം പൊറുക്കാനാവാത്ത തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജല ദുരുപയോഗം പൊറുക്കാനാവാത്ത തെറ്റെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതിരൂക്ഷമായ വരള്‍ച്ച കേരളം അഭിമുഖീകരിക്കുന്നു. കുടിവെള്ളപ്രശ്‌നവും കൃഷിനാശവും കൂടാതെ മൃഗസംരക്ഷണമേഖലയിലും വരള്‍ച്ച ഇത്തവണ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച തിരുവനന്തപുരത്തെ കുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കുന്നത് അരുവിക്കരയിലെ ചെറിയ ഡാമില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ്. അരുവിക്കരയിലേക്ക് വെള്ളം എത്തുന്നതാകട്ടെ പേപ്പാറ ഡാമില്‍ നിന്നും. രണ്ടു ഡാമുകളും കരമനയാറിലാണ്. കാലങ്ങളായി ഏതു വേനലിലും തിരുവനന്തപുരത്തുകാരുടെ കുടിവെള്ളം മുട്ടുന്ന തരത്തില്‍ കരമനയാര്‍ വറ്റിയിട്ടില്ല. ഇപ്രാവശ്യത്തെ കൊടിയ വേനലില്‍ കരമനയാറും വറ്റിവരണ്ടു. തിരുവനന്തപുരം ജനതയുടെ ബഹുഭൂരിപക്ഷത്തിനും കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയി. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഏറെ വേഗത്തിലും സൂക്ഷ്മതയിലുമാണ് സര്‍ക്കാര്‍ ചെയ്തത്. നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് അരുവിക്കരയിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഏറെ ദുഷ്‌കരമെന്നും ഒരുവേള അസാധ്യമെന്നുപോലും തോന്നിയ ഈ ദൗത്യം ജലവിഭവ വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും ഇച്ഛാശക്തിയോടെയുള്ള കഠിന പരിശ്രമം കൊണ്ടാണ് ഇപ്പോള്‍ വിജയം കണ്ടത്. ഈ പരിശ്രമത്തില്‍ പങ്കാളികളായ സര്‍ക്കാര്‍ ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും അഭിനന്ദിക്കുന്നു. ആത്മാര്‍ത്ഥമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രതിസന്ധികളെ അഭിമുഖീകരിക്കണമെന്ന പാഠമാണ് ഈ അനുഭവം നല്‍കുന്നത്.

അതിരൂക്ഷമായ വരള്‍ച്ചയാണ് ഇപ്രാവശ്യം കേരളം അഭിമുഖീകരിക്കുന്നത്. കുടിവെള്ളപ്രശ്‌നവും കൃഷിനാശവും കൂടാതെ മൃഗസംരക്ഷണമേഖലയിലും വരള്‍ച്ച ഇത്തവണ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. കാര്‍ഷികമേഖലയും ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. വെള്ളമില്ലാതെ വന്യമൃഗങ്ങള്‍ പോലും വല്ലാതെ വലയുന്ന അവസ്ഥയുണ്ട്. മെയ് മാസം എത്തിയതോടെ ചൂടും കൂടുകയും വെള്ളത്തിന്റെ ലഭ്യത വല്ലാതെ കുറയുകയും ചെയ്ത സ്ഥിതിയാണുള്ളത്. ലഭിച്ച വേനല്‍ മഴയുടെ അളവും കുറവാണ്.

ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും പ്രാധാന്യത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. കുടിവെള്ള വിതരണക്കാര്യത്തില്‍ ജില്ലാഭരണകൂടങ്ങള്‍ ഏറ്റവും മുന്തിയ പരിഗണനയോടെ ഇടപെടാന്‍ ശ്രദ്ധിക്കണം. അതോടൊപ്പം ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും ഓരോതുള്ളി വെള്ളവും ശ്രദ്ധയോടെ മാത്രം ഉപയോഗിക്കാനും എല്ലാവരും തയ്യാറാവണം. ഈ വേനലില്‍ ജലദുരുപയോഗം പൊറുക്കാനാവാത്ത തെറ്റാണെന്ന് മനസ്സിലാക്കണം.

മണ്‍സൂണ്‍ കടന്നുവരുന്നതോടെ ഈ കഷ്ടപ്പാടൊക്കെ മറക്കുകയും വെള്ളത്തിന്റെ കാര്യം പിന്നെ ശ്രദ്ധിക്കാതിരിക്കുകയും ആണ് പൊതുവെ നമ്മുടെ ശീലം. ആ ശീലം ഇനി മലയാളിക്ക് കൊണ്ടുനടക്കാനാവില്ല. നമ്മുടെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക, മഴക്കുഴികള്‍ നിര്‍മ്മിച്ച് മഴവെള്ളം ഭൂമിയിലേക്കിറക്കുക, ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ച് പച്ചപ്പും പ്രകൃതിയും സംരക്ഷിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഏറ്റെടുക്കണം. പ്രകൃതിക്ക് ദോഷം ചെയ്യുന്ന ചിലയിനം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വെള്ളമെത്തിക്കുന്നതിനായി നടപ്പാക്കിയ കൂട്ടായ പരിശ്രമവും ഇച്ഛാശക്തിയും എല്ലായിടത്തും ഉണ്ടായാല്‍ ജലസമൃദ്ധമായ ഒരു കേരളം നമുക്കുണ്ടാക്കാനാകും. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഒരു കോടി ഫലവൃക്ഷങ്ങള്‍ കേരളത്തിലെമ്പാടും നടുവാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒരു ദേശീയോത്സവം പോലെ ഈ പരിപാടി ഏറ്റെടുക്കാന്‍ എല്ലാവരും മുന്നോട്ടുവരണം.

Top