പ്രളയാനന്തരം വെള്ളമില്ല; കാരണം വരള്‍ച്ചയല്ലെന്ന് ഭൂവിനിയോഗ ബോര്‍ഡ്

തിരുവനന്തപുരം: പ്രളയത്തിന് ശേഷം കേരളത്തില്‍ ജലസ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, വരള്‍ച്ചയല്ല ഇതിന് കാരണമെന്നാണ് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് വ്യക്തമാക്കുന്നത്.

പ്രളയത്തില്‍ ജല സ്രോതസ്സുകളിലെ മണല്‍ ഒലിച്ചുപോയി ആഴം വര്‍ധിച്ചതാണ് കാരണം. കിണറുകളിലെ ജലനിരപ്പ് താഴുന്നത് നദീതടം താഴ്ന്നതിനാലാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ലഭിച്ചതിന്റെ പത്ത് ശതമാനം ജലം പോലും ഭൂഗര്‍ഭജലമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രളയ ജലത്തിന്റെ കുത്തൊഴുക്കില്‍ ജലസ്രോതസ്സുകളുടെ സ്വാഭാവികത നഷ്ടമായതാണ് ജലാശയങ്ങളിലെ ജലനിരപ്പ് താഴാന്‍ കാരണം.

മണലും എക്കലും ഒഴുകിപ്പോയി നദികളുടെ ജലനിരപ്പ് താഴേക്ക് പോയതിനാല്‍ കിണറുകള്‍ അടക്കമുള്ള ഭൂഗര്‍ഭ ജലസ്രോതസ്സുകളിലെ ജലം താഴേത്തട്ടിലേക്ക് സ്വാഭാവികമായി നീങ്ങും. ഇതാണ് കിണറുകളില്‍ സംഭവിക്കുന്നത്. പെട്ടന്നുണ്ടാകുന്ന പ്രളയത്തിന്റെ അനന്തരഫലം ഇതൊക്കെത്തന്നെയാണെന്നും ഭൂവിനിയോഗ ബോര്‍ഡ് പറയുന്നു.

Top