സംസ്ഥാനത്ത് മഴ ശക്തം; നെയ്യാര്‍, കരമന, മണിമല നദികളില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തം. നെയ്യാര്‍, കരമന, മണിമല നദികളില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍. കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചു.

തുടര്‍ച്ചയായ ശക്തമായ മഴ കുറയുന്നു. എങ്കിലും ഇടവേളകളില്‍ ചുരുക്കമിടങ്ങളില്‍ ഇനിയും കനത്ത മഴ പ്രതീക്ഷിക്കാം. മധ്യ തെക്കന്‍ കേരളത്തിലല്‍ കൂടുതല്‍ മഴ കിട്ടിയേക്കും. ഇന്നലെ സാധാരണയേക്കാള്‍ 307 ശതമാനം മഴയാണ് അധികം കിട്ടിയത്.17.9 മി.മീ മഴ കിട്ടേണ്ടത് ഇന്നലെ പെയ്തത് 72.8 മി.മീ മഴ.

മഴ കുറഞ്ഞെങ്കിലും ആലപ്പുഴയിലെ ചില താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാന്പുകള്‍ തുടങ്ങി. കുട്ടനാട്ടില്‍ ചന്പക്കുളം, മങ്കൊന്പ് എന്നിവിടങ്ങളിലാണ് വെളളക്കെട്ടുള്ളത്. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായി. തകഴിയിലും രാമങ്കരിയിലും രണ്ട് പാടശേഖരങ്ങളില്‍ മട വീഴ്ചയുണ്ടായി. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നെയ്യാര്‍, കല്ലാര്‍കുട്ടി, കുണ്ടള, പാംബ്ല ഡാമുകളിലെ ജലനിരപ്പും ഉയര്‍ന്നു.

Top