രാത്രിയില്‍ ജലനിരപ്പ് ഉയരും, ചെങ്ങന്നൂരിനെക്കാള്‍ കുട്ടനാട്ടില്‍ ജാഗ്രത വേണമെന്ന് സജി ചെറിയാന്‍

ആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്ന് കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിനെക്കാള്‍ കുട്ടനാട്ടില്‍ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാന്‍. രാത്രിയില്‍ ജലനിരപ്പ് ഉയരുമെന്നും, ഇതിനുമുമ്പ് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പാണ്ടനാട്ടും തിരുവന്‍വണ്ടൂരും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതുകൊണ്ടാണ് കക്കി അണക്കെട്ട് തുറക്കേണ്ടിവന്നത്. ജലം രാവിലെയോടെ ചെങ്ങന്നുര്‍, കുട്ടനാട് മേഖലയിലെത്തുമെന്നും ഏകദേശം ഒന്നരയടി വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. തീരത്ത് താമസിക്കുന്ന മുഴുവന്‍ ജനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി.

കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വരെയാണ് തുറന്നത്. തീരപ്രദേശത്തെ 12 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കക്കി ഡാമില്‍ നിന്നും ഒഴുക്കി വിടുന്ന അധികജലം പമ്പ തൃവേണിയിലാണ് ആദ്യം എത്തിച്ചേരുന്നത്.

Top