പമ്പയിലും മണിമലയാറ്റിലും ജലനിരപ്പുയരുന്നു; കക്കി ഡാം തുറന്നേക്കും, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: പത്തനംതിട്ടയിലെ മലയോര മേഖലയില്‍ വീണ്ടും കനത്ത മഴ തുടരുന്നു. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് പകല്‍ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. എന്നാല്‍ പിന്നീട് ജല നിരപ്പ് വീണ്ടും ഉയരുകയായിരുന്നു.

പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. കക്കി ഡാം ഇന്ന് തുറക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. കക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. രാവിലെയുള്ള മഴയുടെ തോതും ജലനിരപ്പും സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഡാം തുറക്കുക

നദീതീരങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Top