മലയോരമേഖലയിൽ ശക്തമായ മഴ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: സംസ്ഥാനത്ത് മഴ കനത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പിൽ വർധന. ജലനിരപ്പ് 140.8 അടിയായി. 1.20 അടി കൂടി ഉയർന്നാൽ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള രണ്ടാം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയ സംഭരണശേഷി.

മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 538 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. എന്നാൽ 511 ഘനയടി വെള്ളമാണ് നിലവിൽ തമിഴ്‌നാട് കൊണ്ടുപോകുന്നത്.

അതിരപ്പിള്ളി വനമേഖലയിൽ മഴ കനത്തതോടെ ചാലക്കുടിപ്പുഴയിലും നീരൊഴുക്ക് ശക്തമായി. പുത്തൻവേലിക്കരയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നീരൊഴുക്ക് കൂടിയതോടെ, പുത്തൻവേലിക്കരയിൽ ചാലക്കുടിപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച മണൽ ബണ്ട് തകർന്നു.

ചാലക്കുടിപ്പുഴയും പെരിയാറും സംഗമിക്കുന്ന പുത്തൻവേലിക്കരയിൽ ഓരുവെള്ളം കയറുന്നത് തടയുന്നതിന് നിർമ്മിച്ച ബണ്ടിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്. രണ്ടടിയോളം വെള്ളം ഉയർന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഇളന്തിക്കരയിലെ മണൽത്തിട്ട തകർന്നു.

മാൻദൗസ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പുതിയ ന്യൂനമർദ്ദം രൂപമെടുക്കുമെന്നാണ് വിലയിരുത്തൽ.

 

Top