മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്; ജാഗ്രത നിര്‍ദേശം നല്‍കാനൊരുങ്ങി ജില്ലാ ഭരണകൂടം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തിയതോടെ രണ്ടാം ജാഗ്രത നിര്‍ദേശം നല്‍കാനൊരുങ്ങി ജില്ലാ ഭരണകൂടം. പെരിയാര്‍ തീരത്തെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടം തുടങ്ങി. സെക്കന്റില്‍ 5291 ഘനയടിവെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. രണ്ടാം ജാഗ്രതാനിര്‍ദ്ദേശം കൊടുത്താല്‍ തീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, വള്ളക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ 500 കുടുംബങ്ങളിലായി 2000 ത്തിലധികം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടത്. നാല് വില്ലേജുകളിലായി 12 ക്യാമ്പുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് ആശങ്കകള്‍ കൂടി മുന്നില്‍ക്കണ്ടാണ് ക്യാമ്പുകളൊരുക്കിയിരിക്കുന്നത്. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ ഉപസമിതി നാളെ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തും. നീരൊഴുക്ക്, സ്പില്‍വെ ഷട്ടറുകള്‍ പ്രവര്‍ത്തനക്ഷമത തുടങ്ങിയകാര്യങ്ങളാണ് പ്രധാനമായും സമിതി വിലയിരുത്തുക. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ്.

Top