കനത്ത മഴ തുടരുന്നു; മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ജനജീവിതം ദുരിതത്തില്‍

മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയില്‍. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വെള്ളം കയറിയ നിലയിലാണ്.

കൂടാതെ അടിമാലി കൊരങ്ങാട്ടി ആദിവാസി മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. തടയണ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. അടിമാലി കൊന്നത്തടിയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിനു മുന്നില്‍ മണ്ണിടിച്ചിലും ഉണ്ടായി. മൂന്നാര്‍ ടൗണില്‍ വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

മഴയും കാറ്റും വീണ്ടും ശക്തമായതോടെ വയനാട് കരുവാരക്കുണ്ടിന് സമീപം കല്‍കുണ്ടിലും മട്ടിപ്പാറ വനത്തിനുള്ളിലും വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല. താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവിലും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പുഴയില്‍ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ട്. വയനാട് മക്കിമലയില്‍ ഉരുള്‍പൊട്ടി. തലപ്പുഴയ്ക്കടുത്ത് കമ്പിപ്പാലത്ത് തോട്ടില്‍ വീണ് ഒരാളെ കാണാതായി.

കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ ശക്തമായതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ സാധ്യതയുണ്ടെന്നും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പരിസരവാസികളും ജാഗ്രത പാലിക്കണമെന്നും കക്കയം ഡാം സേഫ്റ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മാവൂര്‍, താമരശ്ശേരി,കാരശ്ശേരി, കുറ്റ്യാടി ഭാഗങ്ങളിലാണ് അതിശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടുവരുന്നത്. തോടുകളും പുഴകളും കരകവിഞ്ഞൊഴുകയാണ്. പലയിടങ്ങളിലും കൃഷി സ്ഥലങ്ങളും പാടങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലായി.

Top