ഇടുക്കിയില്‍ മാറ്റമില്ല; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.5 അടി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140.5 അടിയായി വര്‍ധിച്ചു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ കാര്യമായ മാറ്റമില്ല. ഇടുക്കിയില്‍ 2399.16 അടിയുമാണ് നിലവിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞ 12 മണിക്കൂറിലധികമായി ജലനിരപ്പില്‍ മാറ്റമില്ലാതെ തുടരുകയാണ്. വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് ഉയരാത്തതിന് കാരണം. ഒഴുകിയെത്തുന്ന ജലം രണ്ട് അണക്കെട്ടുകളില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

മുല്ലപ്പെരിയാറില്‍ 141 അടിയാണ് അപ്പര്‍ റൂള്‍കര്‍വ്. നിലവില്‍ ഇവിടെ ഒഴുകിയെത്തുന്ന ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. 2300 ഘന അടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് 141 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടറുകളിലൂടെ തുറന്നുവിടുമെന്ന് തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കഴിഞ്ഞ 12 മണിക്കൂറായി മാറ്റമില്ലാതെ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഡാമില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കേണ്ടതില്ല. മുല്ലപ്പെരിയാറില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നാല്‍ മാത്രമേ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം പുറത്തേക്ക് ഒഴുക്കാന്‍ ഇടുക്കിയില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടതുള്ളൂ. നിലവില്‍ സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം ഒഴുക്കിക്കളയുന്നുണ്ട്. വൈദ്യുതി നിര്‍മാണത്തിനായും ജലം ഉപയോഗിക്കുന്നുണ്ട്. ഇതും ജലനിരപ്പ് ഉയരാത്തതിന് കാരണമാണ്.

 

Top