മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു; ഒരു ഷട്ടര്‍ ഉയര്‍ത്തി, പെരിയാര്‍ തീരത്ത് ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 142 അടിയായി. ഇതോടെ തമിഴ്നാട് ഒരു ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. 700 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി 420 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഡാം ഷട്ടര്‍ തമിഴ്നാട് ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ അപേക്ഷക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ന് മറുപടി സത്യവാംങ്മൂലം നല്‍കിയേക്കും. മേല്‍നോട്ട സമിതി ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ല, ആശങ്കകള്‍ തമിഴ്‌നാട് പരിഗണിക്കുന്നില്ല തുടങ്ങിയ പരാതികളാണ് കേരളം സുപ്രിംകോടതിയെ അറിയിച്ചത്.

കേരളത്തിന്റെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ബുധനാഴ്ച പരിഗണിക്കാനാണ് സുപ്രിംകോടതി തീരുമാനിച്ചിരിക്കുന്നത്. അതിന് മുമ്പായി ഇന്നുതന്നെ തമിഴ്‌നാട് മറുപടി നല്‍കാനാണ് സാധ്യത. ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Top