മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142.30 അടിയായി; സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യം

കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ശക്തമായ മഴ തുടരുന്ന സന്ദര്‍ഭത്തില്‍ മുല്ലപ്പെരിയാറിലെ അടിയന്തര സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി.

അഭിഭാഷകന്‍ മനോജ് ജോര്‍ജാണ് സുപ്രീം കോടതിയില്‍ ആവശ്യമുന്നയിച്ചത്. വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ വിഷയം ഉന്നയിക്കാന്‍ രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

മുല്ലപ്പെരിയാറില്‍നിന്ന് സെക്കന്‍ഡില്‍ 26,000 ഘനയടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. കൂടുതല്‍ ജലം പുറത്തേക്കു വിടുന്നതിനാല്‍ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. സെക്കന്‍ഡില്‍ 15,00,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കുവിടുന്നത്. 2401.2 അടിയാണ് നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ശേഷി.

കാലവര്‍ഷക്കെടുതിയില്‍ ഇന്ന് മാത്രം സംസ്ഥാനത്ത് 33 പേര്‍ മരിച്ചു. തൃശ്ശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി 3 പേരെ കാണാതായി. മലപ്പുറത്ത് മൂന്ന് പേര്‍ മരിച്ചു. പലരുടെയും രണ്ടാം നിലയിലടക്കം വെള്ളം കയറിയിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ ഓരോ ജില്ലകളിലും കുടുങ്ങിയിരിക്കുകയാണ്. ഒരുപാട് പേര്‍ ഫെയ്‌സ്ബുക്കില്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ലൈവില്‍ എത്തുന്നുണ്ട്. കണ്ണൂര്‍ അമ്പത്തോട് വനത്തില്‍ വീണ്ടും ഉരുള്‍ പൊട്ടി. പുഴകള്‍ക്ക് സമീപത്തുള്ള ആളുകള്‍ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.

Top