ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു ; ഇന്ന് 8 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

തൊടുപുഴ: നിലയ്ക്കാത്ത മഴയില്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഇപ്പോള്‍ 2402.25 അടിയാണ്. എന്നാല്‍ മുല്ലപ്പെരിയാറില്‍ 141.6 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ബാണാസുരസാഗറില്‍ നീരൊഴുക്ക് കുറഞ്ഞു. ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ താഴ്ത്തി.

ഇടമലയാറില്‍ വെള്ളം കുറഞ്ഞ് പരമാവധി സംഭരണ ശേഷിക്ക് താഴെ എത്തി. അതിനാല്‍ ഇടമലയാറില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കും.

അതേസമയം ഇന്നും സംസ്ഥാനത്ത് മഴ തുടരും. 8 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ഇതിനിടെ തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് 4 മണി വരെ ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നുള്ള ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. പരശുറാം കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു.

Top