water – high court – commission

കൊച്ചി: സൗജന്യ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ, കുടിവെള്ള വിതരണം തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ഉപാധിയാകരുതെന്നും വ്യവസ്ഥകള്‍ക്കു വിധേയമായി വെള്ളം വിതരണം ചെയ്യുന്നതിന് പ്രശ്‌നമില്ലെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കുടിവെള്ള വിതരണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുതെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ കമ്മിഷന്‍ തടഞ്ഞത്. തുടര്‍ന്ന് മന്ത്രിസഭ അടിയന്തരമായി യോഗം ചേരുകയും കമ്മിഷന്‍ അനുമതി നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.

വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചാല്‍ കുടിവെള്ളവിതരണം നടത്താം എന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കമ്മിഷന്‍ കടന്നു കയറുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ വ്യാപക ജലക്ഷാമം ആണെന്നും, കുടിവെള്ളം വിതരണം ചെയ്യാന്‍ അനുമതി തരണമെന്നും ആവശ്യപ്പെട്ട് എന്‍സിപി എംഎല്‍എയായ തോമസ് ചാണ്ടിയാണു ഹൈക്കോടതിയെ സമീപിച്ചത്. തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ച കോടതി കുടിവെളള വിതരണത്തിന്റെ പദ്ധതി നടത്തിപ്പിനായി ഒരുകോടി രൂപ സര്‍ക്കാര്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചു.

Top