ആലുവയില്‍ വെള്ളം ഇറങ്ങി ; എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കുന്നു

ആലുവ : മഴ കുറയുന്ന സാഹചര്യത്തില്‍ ആലുവ ടൗണില്‍ വെള്ളം ഇറങ്ങി. പെരിയാറില്‍ ജലനിരപ്പ് അഞ്ചടിയോളം താഴ്ന്നു. എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

ആലുവ, കാലടി, പറവൂര്‍ മേഖലകളില്‍ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാ പ്രവര്‍ത്തനം ശക്തമായി. ശനിയാഴ്ച മാത്രം 54 ആളുകളെ രക്ഷപെടുത്തി.

എറണാകുളത്ത് നിന്നും പറവൂര്‍, വടക്കേക്കര വഴി കൊടുങ്ങല്ലൂര്‍ ഭാഗത്തേയ്ക്കും കളമശേരി വഴി ദേശീയ പാതയിലൂടെ ആലുവയിലേയ്ക്കും ഭാരവാഹനങ്ങള്‍ക്കു കടന്നു പോകാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

വടക്കന്‍ ജില്ലകളില്‍ നിന്നെത്തി എറണാകുളം ഭാഗത്തു കുടുങ്ങിക്കിടക്കുന്നവര്‍ നിരവധിയാണ്. കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ മറ്റുഭാഗങ്ങളിലേയ്ക്കുള്ള ബസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. കോട്ടയം ഭാഗത്തേയ്ക്കുള്ള ട്രെയിന്‍ ഗതാഗതം ഇന്ന് പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Top