Water Emergency In Hyderabad, The First In 30 Years Telangana

തെലങ്കാന: ഹൈദരാബാദില്‍ ജലഅടിയരാന്തവസ്ഥ നിലനില്‍ക്കുന്നതായി തെലങ്കാന ഭരണകൂടം. തലസ്ഥാന നഗരിക്ക് വെള്ളം വിതരണം ചെയ്യുന്ന നാല് പ്രധാന ജലസംഭരണികള്‍ വറ്റിവരണ്ടതായി തെലങ്കാന മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി കെ.ടി. രാമറാവു വ്യക്തമാക്കി. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ അവസ്ഥയെന്നും മന്ത്രി പറഞ്ഞു.

സിംഗൂര്‍, മഞ്ജീര, ഉസ്മാന്‍ സാഗര്‍, ഹിമായത്ത് സാഗര്‍ എന്നീ സംഭരണികളാണ് വറ്റിയത്. ഇവിടങ്ങളില്‍ നിന്നും നഗരത്തിലേക്കുള്ള ജലവിതരണത്തില്‍ 47 ശതമാനത്തിന്റെ ഇടിവാണുള്ളത്. ഹൈദരാബാദ് നഗരത്തില്‍ ഓരോ ദിവസവും 660 ദശലക്ഷം ഗ്യാലന്‍ വെള്ളം ആവശ്യമാണ്, എന്നാല്‍ 335 ദശലക്ഷം ഗ്യാലന്‍ വെള്ളം മാത്രമാണ് വിതരണം ചെയ്യാന്‍ കഴിയുന്നത്. ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള ഗോദാവരി, കൃഷ്ണ നദികളില്‍ നിന്നും വെള്ളമെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വരള്‍ച്ചമുക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ദീര്‍ഘകാല പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഭഗീരഥ് പദ്ധതിക്ക് കീഴില്‍ ടാങ്കുകള്‍ വൃത്തിയാക്കും. ഹൈദരാബാദിലേക്ക് വെള്ളമെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 6 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

ശക്തമായ ചൂട്കാറ്റിനാല്‍ സംസ്ഥാനം വെന്തുരുകയാണ്. ഹൈദരാബാദിലെ വീടുകളില്‍ ജലവിതരണം താറുമാറായിരിക്കുന്നു. ഇടവിട്ട ദിവസങ്ങളിലാണ് ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത്. ചൊവ്വാഴ്ച 43 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു നഗരത്തിലെ താപനില. തെലങ്കാനയിലെ ഗ്രാമങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു വര്‍ഷം മുമ്പാണ് ഇത്തരത്തിലൊരു അവസ്ഥ സംസ്ഥാനം നേരിട്ടത്.

രാജ്യത്തെ മൂന്നിലൊന്ന് സംസ്ഥാനങ്ങളില്‍ വരള്‍ച്ചയെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു. ചുരുങ്ങിയത് 256 ജില്ലകളില്‍ 33 കോടി ജനം വരള്‍ച്ചയുടെ പിടിയിലാണ്. 130 താലൂക്കുകള്‍ വരള്‍ച്ചബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി, ദുരന്തനിവാരണ സംവിധാനം തുടങ്ങിയവ നടപ്പാക്കി ജനങ്ങളുടെ അതിജീവനം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. വരള്‍ച്ചബാധിത പ്രദേശങ്ങള്‍ തിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്ന രീതി മാറ്റി ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

Top