മഴ പെയ്യിക്കുവാൻ യാഗവും പ്രാർത്ഥനയും, തമിഴകം പോകുന്നത് എങ്ങോട്ട് . . ?

ഹാനായ പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ പാരമ്പര്യത്തില്‍ നിന്നും പിന്തിരിപ്പന്‍ നിലപാടിലേക്ക് തമിഴ്‌നാട് നീങ്ങുന്നു. യുക്തിവാദവും നാസ്തിക പാരമ്പര്യവും മുറുകെ പിടിച്ച ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉദയം കണ്ട തമിഴ്‌നാട്ടില്‍ മഴക്കായി പ്രാര്‍ത്ഥന നടത്താനുള്ള ആഹ്വാനമാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെ സര്‍ക്കാരാണ് ഈ വിചിത്ര ഉത്തരവുമായി രഗത്തെത്തിയിരിക്കുന്നത്.

ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മഴയില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് മഴ ലഭിക്കാന്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും യജ്ഞങ്ങളും നടത്താന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദ്ദേശം നല്‍കിയത്. നാദസ്വരം, വയലിന്‍, വീണ, ഓടക്കുഴല്‍ ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് അമൃതവര്‍ഷിണി, മോഘവര്‍ണിനി, കേദാരം, ആനന്ദഭൈരവി ഗാനങ്ങള്‍ ആലപിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ക്ഷേത്രങ്ങളില്‍ നടത്തിയ പൂജകളുടെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാനും സര്‍ക്കാരിനു കീഴിലുള്ള ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ക്ഷേത്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാസവസ്തുക്കളും മറ്റും ഉപയോഗിച്ച് ശാസ്ത്രം കൃത്രിമ മഴ പെയ്യിക്കുന്ന കാലത്താണ് പൂജയും ഹോമവും നടത്തി മഴപെയ്യിക്കാന്‍ സര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.

ഭരണഘടനാവിരുദ്ധമായ നടപടിയാണ് തമിഴ്‌നാട് സര്‍ക്കാരിന്റേതെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞു. ഏതെങ്കിലും മതവിഭാഗത്തിന്റെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുകയോ അതനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് ഭരണഘടനാ വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് വിരുദ്ധമാണെന്ന നിലപാട് നിയമവിദഗ്ദരും ഉയര്‍ത്തിക്കഴിഞ്ഞു.

പെരിയാര്‍ ഇവി രാമസ്വാമി നായ്ക്കരും അണ്ണാദുരൈയും പടുത്തയര്‍ത്തിയ ദ്രാവിഡ മുന്നേറ്റ കഴക രാഷ്ട്രീയത്തിന്റെ കരുത്ത് യുക്തിവാദമായിരുന്നു. ബ്രാഹ്മണ്യത്തോടും ജാതീയതയോടും ഉച്ചനീചത്വങ്ങളോടും കലഹിച്ചാണ് ദ്രാവിഡ രാഷ്ട്രീയം തമിഴകത്തിന്റെ മണ്ണില്‍ വേരുറപ്പിച്ചത്.

കലൈഞ്ജര്‍ കരുണാനിധിയടക്കമുള്ളവര്‍ നാസ്തികനായിരുന്നു. ദൈവത്തേക്കാള്‍ മാനവികതയിലും മനുഷ്യത്വത്തിലുമാണ് അവര്‍ വിശ്വാസമര്‍പ്പിച്ചിരുന്നത്. എന്നാല്‍ എ.ഐ.എ.ഡി.എം.കെ നേതാവായിരുന്ന മുന്‍ മുഖ്യമന്ത്രി ജയലളിത ദൈവവിശ്വാസമാണ് മുറുകെപ്പിടിച്ചിരുന്നത്.

ജ്യോതിഷികളുടെ ഉപദേശത്തില്‍ പേരിന്റെ വലിപ്പം കൂട്ടിയും ക്ഷേത്രദര്‍ശനങ്ങളും വഴിപാടുകളും നടത്തിയുമാണ് അവര്‍ ഭരണം മുന്നോട്ട് കൊണ്ടുപോയിരുന്നത്. അതേസമയം, മതത്തിന്റെ പേരില്‍ വര്‍ഗീയത പരത്താനോ ഏതെങ്കിലും മതവിശ്വാസം അടിച്ചേല്‍പ്പിക്കാനോ തമിഴകം ഇതുവരെ ശ്രമിച്ചിരുന്നില്ല എന്നതും ഒരു യാതാര്‍ത്ഥ്യമാണ്.

രാമക്ഷേത്ര നിര്‍മ്മാണം പ്രചരണായുധമാക്കി ബി.ജെ.പിയും ആര്‍.എസ്.എസും വര്‍ഗീയത അഴിച്ചുവിട്ടിട്ടും അതു തടഞ്ഞുനിര്‍ത്താന്‍ തമിഴകത്തിനു കഴിഞ്ഞത് ഈ ഉന്നത കാഴ്ച്ചപ്പാട് മുന്‍നിര്‍ത്തിയായിരുന്നു. കേരളത്തെ പോലെ തന്നെ ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് തമിഴ്‌നാട് എന്നകാര്യവും നാം ഓര്‍ക്കണം.

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നതിലും തമിഴ്‌നാട് മുന്നില്‍ തന്നെയാണ്.

ബി.ജെ.പി , ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമായി മത്സരിക്കുമ്പോള്‍ ഡി.എം.കെയും,സിപിഎമ്മും,കോണ്‍ഗ്രസും അടക്കമുള്ള കക്ഷികകള്‍ ഒത്തുചേര്‍ന്നാണ് ഇവരെ ശക്തമായി എതിര്‍ക്കുന്നത്.

മക്കള്‍ നീതി മയ്യം നേതാവ് സിനിമാ താരം കമല്‍ഹാസനും സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ്. രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴകത്തെ സിനിമാ പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗവും പുരോഗമന കാഴ്ച്ചപ്പാടുള്ളവരാണ്. വര്‍ഗീയതക്കും ജാതിയതക്കുമെതിരെ സിനിമയിലൂടെ പോരാട്ടം നടത്തിയ ചരിത്രവും തമിഴ്‌നാടിനുണ്ട്.

വിശ്വാസത്തിലൂടെ തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ ഭാഗമാണ് മഴപെയ്യാന്‍ പൂജ നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നാണ് ഡി.എം.കെയുടെ ആരോപണം.

തമിഴ്‌നാടിന്റെ മതേതര പാരമ്പര്യം തകര്‍ക്കാനുള്ള ഈ നീക്കത്തെ തടയണമെന്ന നിലപാടാണ് ദ്രാവിഡ കക്ഷികള്‍ ഉയര്‍ത്തുന്നത്. മുഖ്യപ്രതിപക്ഷമായ ഡി.എം.കെയും കോണ്‍ഗ്രസും ഇടതുപക്ഷവും ഈ നിലപാടിനൊപ്പം നിന്ന് പേരാടാനുള്ള ശ്രമത്തിലാണ്. ഈ ആധുനിക കാലത്ത് നാടിനെ പുറകോട്ടടിപ്പിക്കുന്ന ഒരേര്‍പ്പാടും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎമ്മും ചൂണ്ടിക്കാട്ടി. പുതിയ തലമുറയെക്കൂടി തെറ്റായ വഴിയില്‍ കൊണ്ടുപോകാനുള്ള ആസൂത്രിത നീക്കമായിട്ടാണ് ഈ നടപടിയെ ചെമ്പട നേക്കി കാണുന്നത്.

Express Kerala View

Top