ചെന്നൈയില്‍ ജലക്ഷാമം രൂക്ഷം;ഒരു തുള്ളി വെള്ളത്തിനായി വലഞ്ഞ് ജനങ്ങള്‍

ചെന്നൈ : ജലക്ഷാമം രൂക്ഷമായ ചെന്നൈയില്‍ ജനങ്ങള്‍ ഒരു തുള്ളി വെള്ളത്തിനായി അലയുകയാണ്. ജലക്ഷാമം രൂക്ഷമായതെടെ ഹോട്ടലുകള്‍ പൂട്ടുകയും ജനങ്ങള്‍ താമസം മാറുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും സ്‌കൂളുകള്‍ പ്രവൃത്തി സമയം കുറയ്ക്കുകയും ചെയ്തു.

196 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ ചെന്നൈ നഗരത്തില്‍ മഴ പെയ്‌തെങ്കിലും അത് ഒന്നിനും ഒരു പരിഹാരമല്ല. കഴിഞ്ഞ രണ്ട് വര്‍ഷവും മഴയിലുണ്ടായ ലഭ്യത കുറവാണ് ഈ വരള്‍ച്ചയ്ക്ക് കാരണം. ചെന്നൈ ഉള്‍പ്പടെയുള്ള 24 ജില്ലകളിലാണ് വരള്‍ച്ച രൂക്ഷമായിരിക്കുന്നത്. ഭൂഗര്‍ഭ ജലനിരപ്പ് ആശങ്കാജനകമാംവിധം താഴ്ന്നതിനാല്‍ കുഴല്‍ക്കിണറുകള്‍ വറ്റി. ഭൂഗര്‍ഭ ജലനിരപ്പ് നഗരമേഖലയില്‍ 15 അടി വരെയാണ് താഴ്ന്നത്.

നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കഴിഞ്ഞ മാസം വെള്ളത്തിനു വേണ്ടി മാത്രം ചെലവാക്കിയത്‌ രണ്ടര ലക്ഷം രൂപയാണ്. ജലക്ഷാമം രൂക്ഷമായതോടെ മെട്രോ വാട്ടര്‍ ടാങ്കറുകളുടെ വരവിനായി കാത്തിരിക്കുകയാണ് ജനങ്ങള്‍. നിര്‍മാണ മേഖലയിലെ 60ശതമാനം ജോലികള്‍ നിര്‍ത്തി.കുഴല്‍ കിണറുകളെ ആശ്രയിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ചെറുകിട- ഇടത്തരം നിര്‍മാണ കമ്പനികളെല്ലാം പണി നിര്‍ത്തി. വന്‍കിട നിര്‍മാണ കമ്പനികള്‍ പൊന്നുംവിലയ്ക്കു വെള്ളം വാങ്ങി നിര്‍മാണം തുടരുന്നു. നിര്‍മാണ ബജറ്റില്‍ നേരത്തെ വെള്ളത്തിനു നീക്കിവയ്ക്കുന്നത് 2% ആയിരുന്നെങ്കില്‍ അത് ഇരട്ടിയായി.

ജലക്ഷാമം രൂക്ഷമായതോടെ ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചു. നഗരത്തിലെ പല മസ്ജിദുകളിലും അംഗശുദ്ധി വരുത്താന്‍ വെള്ളമില്ല. 5 നേരമാണു പള്ളികളില്‍ നമസ്‌കാരം. ഓരോ നമസ്‌കാരത്തിനു മുന്‍പും അംഗശുദ്ധി വരുത്തണം.ചെറിയ പള്ളികളില്‍ രണ്ടു ദിവസത്തിലൊരിക്കല്‍ .പ്രാര്‍ഥനയ്‌ക്കെത്തുന്ന വിശ്വാസികളില്‍നിന്ന് പണം വാങ്ങി 3000 രൂപവരെ നല്‍കിയാണു സ്വകാര്യ ടാങ്കറുകളില്‍ ജലമെത്തിക്കുന്നത്.ഇത്രത്തോളം രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം മഴവെള്ള സംഭരണം ഫലപ്രദമായി നടപ്പാക്കുക എന്നത് മാത്രമാണ്.

രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.കൂടാതെ വെള്ളം നല്‍കാമെന്ന കേരളത്തിന്റെ നിലപാട് തമിഴാനാട് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. ട്രെയിന്‍മാര്‍ഗം ഇരുപത് ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന് കേരളം അറിയിച്ചത്. എന്നാല്‍ 20 ലക്ഷം ലിറ്റര്‍ വെള്ളം ഒരു ദിവസത്തേക്ക് ലഭിച്ചത് കൊണ്ട് പര്യാപ്തമാകില്ലെന്ന്
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറയുന്നത്.

Top