കുടിവെള്ള ക്ഷാമത്തിലേക്ക് മസൂറിയും, സിവിൽ സർവീസുകാരും പാടുപെടും !

2050-ല്‍ കുടിവെള്ളം ഇനി സ്വര്‍ണ്ണത്തേക്കാള്‍ അമൂല്യമാകും. ഏഷ്യയുടെ ജല ടവറുകളാണിപ്പോള്‍ ഇടിഞ്ഞുതാഴുന്നുകൊണ്ടിരിക്കുന്നത്.

അപകടമണി മുഴങ്ങിയിരിക്കുന്നത് ഹിന്ദു-കുശ് ഹിമാലയന്‍ മേഖലയിലെ എട്ട് പട്ടണങ്ങളിലെ വെള്ളത്തിന്റെ
ലഭ്യതയിലാണ്.

ഈ പട്ടണങ്ങളിലെ വെള്ളത്തിന്റെ തോത് കുറഞ്ഞാല്‍ അത് ഏഷ്യയെ ആകെ ബാധിക്കും ഈ മേഖലയാണ് ഏഷ്യയിലെ ജല ടവറുകള്‍ എന്നറിയപ്പെടുന്നത്.

ഡിമാന്‍ഡ്-സപ്ലൈ വ്യത്യാസം കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് കൂടുതല്‍ കടുപ്പമാകുകയും, 2050 ആകുന്നതോടെ കടുത്ത പ്രതിസന്ധി ഉടലെടുക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

20% മുതല്‍ 70% വരെയാണ് സര്‍വ്വെ നടത്തിയ പട്ടണങ്ങളിലെ ഡിമാന്‍ഡ്-സപ്ലൈ വ്യത്യാസം. ഇന്ത്യയിലെ മസൂറി, ദേവ്പ്രയാഗ്, സിംഗ്താം, കാലിംപോംഗ്, പാകിസ്ഥാനിലെ ഹവേലിയന്‍, മൂറീ, നേപ്പാളിലെ ദമൗലി, താന്‍സെന്‍ എന്നിവിടങ്ങളാണ് പഠനത്തിന് വിധേയമാക്കിയിരിക്കുന്നത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ചാണെങ്കില്‍ 2050 ആകുന്നതോടെ ഈ വ്യത്യാസം ഇരട്ടിയാകുമെന്ന് വാട്ടര്‍ പോളിസി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

മസൂറിയില്‍ പ്രതിദിനം 9.1 മില്ല്യണ്‍ ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യപ്പെടുന്നത്. എന്നാല്‍ ടൂറിസ്റ്റ് സീസണ്‍ ആകുമ്പോള്‍ ഇത് 14.4 മില്ല്യണ്‍ ലിറ്ററായി ഉയരാറുണ്ട്. മസൂറിയിലെ പ്രാദേശിക ആവശ്യം 6.9 മില്ല്യണ്‍ ലിറ്ററാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് മുസോറിയും, ദേവപ്രയാഗും മുനിസിപ്പല്‍ ജലവിതരണത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ദേവപ്രയാഗില്‍ 44% വീടുകളും ഗംഗയില്‍ നിന്നും വെള്ളം എടുക്കുന്നത് ജലവിതരണം തടസ്സപ്പെടുന്ന ഘട്ടങ്ങളിലാണ്.

ഉത്തരാഖണ്ഡിലെ ഈ രണ്ട് മലയോര പട്ടണങ്ങളിലും പൈപ്പിലൂടെയുള്ള ജലവിതരണമാണ് പ്രധാന ആശ്രയം. മസൂറിയില്‍ 20 ശ്രോതസ്സുകള്‍ ഉപയോഗിച്ചാണ് 9 എംഎല്‍ഡി ലിറ്റര്‍ പുറത്തെടുക്കുന്നത്. ദേവപ്രയാഗിലാകട്ടെ രണ്ട് അരുവികള്‍ മാത്രമാണുള്ളത്. മെയ്, ജൂലൈ മാസങ്ങളില്‍ ജലക്ഷാമം ഉയരുന്നതോടെ പൊതുസംവിധാനങ്ങളും, വാട്ടര്‍ ടാങ്കറുകളുമാണ് ഇവിടുത്തെ താമസക്കാരുടെ പ്രധാന ആശ്രയം.

ചില ഇടങ്ങളില്‍ വേനല്‍ക്കാലത്ത് സ്ഥിതിഗതികള്‍ ഇതിലും രൂക്ഷമാണ്. ഈസ്റ്റ് സിക്കിമിലെ സിംഗ്ടാമില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ 82.9% വീടുകളിലും മുനസിപ്പാലിറ്റി പൈപ്പ് വെള്ളം എത്തിക്കുന്നില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. കിട്ടുന്ന വെള്ളം പരിപാലിക്കാനുള്ള പദ്ധതികള്‍ ഇല്ലെന്നതിന് പുറമെ ടൂറിസത്തിന്റെ പേരില്‍ വികസനം വീര്‍പ്പുമുട്ടിക്കുന്നതും, ഭൂവിനിയോഗം, ഉറവകളുടെ അവസ്ഥയെ തകിടം മാറിക്കുന്നതും, മഴ കുറയുന്നതും, വരള്‍ച്ചയേറിയ മാസങ്ങളുടെ എണ്ണമേറുന്നതുമെല്ലാം പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നതാണ്.

ഇന്ത്യയില്‍ പഠന വിധേയമാക്കിയതില്‍ നാലെണ്ണം ടൂറിസ്റ്റ് പട്ടണങ്ങളും, ചെറിയ പട്ടണങ്ങളുമാണ്. ഇക്കാര്യം ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ റിസേര്‍ച്ച് ഡയറക്ടര്‍ അഞ്ജല്‍ പ്രകാശ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മസൂറിയില്‍ സ്ഥിതി മോശമായതോടെ യമുനയില്‍ നിന്നും ജലം എടുക്കാനാണ് ഇപ്പോഴത്തെ ആലോചന. ടൂറിസ്റ്റുകളുടെ എണ്ണമേറുന്നതോടെ ജനസംഖ്യ അനുപാതവും ഇനി കുതിച്ചുയരാനാണ് സാധ്യത.

ടൂറിസം സീസണ്‍ എത്തിച്ചേരുന്നതോടെയാണ് വെള്ളത്തിന്റെ ആവശ്യം ഉയരുന്നതും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നത്. ടൂറിസ്റ്റുകള്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഒഴുകിയെത്തുമ്പോള്‍ പ്രദേശവാസികളുടെ വീടുകളിലെ ടാപ്പുകളില്‍ ഒരു തുള്ളി വെള്ളം പോലും വരാത്ത അവസ്ഥയാണുള്ളത്. നിലവില്‍ ടൂറിസം സീസണില്‍ മാത്രമുള്ള അവസ്ഥ, ഹിമാലയന്‍ പട്ടണങ്ങളില്‍ പതിവ് കാര്യമായി മാറുന്ന സാഹചര്യവും വിദൂരമല്ലെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ജലലഭ്യത വെല്ലുവിളിയായ മസൂറി, കുന്നുകളുടെ രാജഞി എന്നാണ് അറിയപ്പെടുന്നത്.

സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാവുന്ന എല്ലാവരുടെയും ആദ്യ പരിശീലന കളരിയും മസൂറിയിലാണ്. ഇതില്‍ ഐഎഎസും ഐപിഎസും ഉള്‍പ്പെടും. ഇവിടെ നിന്നാണ് ഐ.പി.എസുകാര്‍ പിന്നീട് ഹൈദരാബാദ് നാഷണല്‍ അക്കാദമിയിലേക്ക് ട്രയിനിംഗിനായി പോകുന്നത്.

Staff Reporter

Top