ജലക്ഷാമം രൂക്ഷം ; വെള്ളം നിറച്ച വീപ്പകള്‍ പൂട്ടിയിട്ട് ജനങ്ങളുടെ പ്രതിഷേധം

water

അജ്മീര്‍: രാജസ്ഥാന്‍ അജ്മീറിലെ വൈശാലി നഗറില്‍ ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വെള്ളം നിറച്ച വീപ്പകള്‍ പൂട്ടിയിട്ട് ജനങ്ങളുടെ പ്രതിഷേധം. ഇവിടത്തെ 43 ഡിഗ്രി ചൂടില്‍ വെള്ളം പോലുമില്ലാതെ ജനജീവിതം ദുസ്സഹമാണ്.

സര്‍ക്കാര്‍ നിര്‍മ്മിത വാട്ടര്‍ടാങ്കുകളാണ് വെള്ളത്തിനുള്ള ഏക ആശ്രയം. എന്നാല്‍ രണ്ടോ നാലോ ദിവസം കൂടുമ്പോള്‍ മാത്രമാണ് വെള്ളം ലഭിക്കുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. വളരെ ഉയര്‍ന്ന പ്രദേശങ്ങളിലുള്ള വീടുകളായതിനാല്‍ ലഭിക്കുന്ന വെള്ളം പലപ്പോഴും മോഷ്ടിക്കപ്പെടുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

വീടുകളില്‍ പൈപ്പ്‌ലൈനുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കുറഞ്ഞ സമ്മര്‍ദ്ദം മൂലം മതിയായ വെള്ളം നിറയുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ‘അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. കൂടി വരുന്ന ചൂട് കാരണം വെള്ളം ലഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടിലാണ്. ടാങ്കര്‍ വരുമ്പോഴൊക്കെ യുദ്ധം പോലെയാണ്, വെള്ളം നിറക്കാനുള്ള തിക്കും തിരക്കും. ഒരു വാട്ടര്‍ ടാങ്ക് ഇവര്‍ നിര്‍മിച്ചെങ്കില്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടേനെ’ മഞ്ജുദേവി എന്ന പരിസരവാസി പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഭില്‍വാര ജില്ലയില്‍ സമാന സംഭവം നടന്നപ്പോള്‍ ജനങ്ങള്‍ വെള്ളം നിറച്ച വീപ്പകള്‍ പൂട്ടിയിട്ടിരുന്നു. കനത്ത ജലക്ഷാമം ഷിംലയിലെ ടൂറിസത്തെയും വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. ഇവിടെ സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.

Top