അന്യ ഗ്രഹത്തില്‍ ജലകണികകളുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍

വാഷിങ്ടണ്‍: സൗരയുഥത്തിന് പുറത്തുള്ള ഗ്രഹത്തില്‍ ജലകണികകളുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍.

അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയായ സ്ട്രാറ്റോസ്ഫിയറുള്ള ഗ്രഹത്തിലാണ് ജലബാഷ്പം ഉള്ളതായി കണ്ടെത്തിയത്. സൗരയൂഥത്തിന് പുറത്ത് സ്ട്രാറ്റോസ്ഫിയര്‍ ഉള്ള ഗ്രഹം കണ്ടെത്തുന്നതും ആദ്യമായാണ്.

സ്ട്രാറ്റോസ്ഫിയര്‍ ഉണ്ടെന്ന സൂചനകള്‍ നേരത്തെ ശാസ്ത്രലോകത്തിന് ലഭിച്ചിരുന്നെങ്കിലും അത് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല.

ഭൂമിയില്‍നിന്ന് 900 പ്രകാശവര്‍ഷം അകലെയുള്ള ഗ്രഹമാണിത്. ഭൂമിയില്‍നിന്ന് ഇത്ര അകലത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രഹത്തിന്റെ ഘടന മനസ്സിലാക്കുക ദുഷ്‌ക്കരമാണ്. ഇതിന് നൂതനമായ ചില മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചതായി അമേരിക്കയില്‍ മേരിലാന്‍ഡ് യൂണിവേഴിസിറ്റിയിലെ ഡ്രേക്ക് ഡെമിങ് പറഞ്ഞു.

നാസയുടെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ് ഉപയോഗിച്ചാണ് ‘ഡബ്ല്യു.എ.എസ്.പി121ബി’ എന്ന അന്യഗ്രഹത്തെ നിരീക്ഷിച്ചത്.

കഠിനമായി ചൂടുള്ളതാണ് ഈ അന്യഗ്രഹം. അതുകൊണ്ടുതന്നെ ബാഷ്പരൂപത്തിലാണ് അന്തരീക്ഷത്തില്‍ ജലത്തിന്റെ സാന്നിധ്യമുള്ളത്. അതിനാല്‍ പ്രകാശത്തിന്റെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങള്‍ ഗ്രഹത്തിന്റെ തിളക്കത്തില്‍ എപ്രകാരം വ്യത്യാസമുണ്ടാക്കുന്നു എന്ന് നിരീക്ഷിച്ചാണ് അവിടെ ജലസാന്നിധ്യമുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് ഡെമിങ് പറഞ്ഞു.

‘ചൂടന്‍ വ്യാഴം’ എന്ന വിഭാഗത്തില്‍ പെടുന്ന അന്യഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ജലസാന്നിധ്യം തിരിച്ചറിയാനായത് നിര്‍ണായകമായ ഒരു ചുവടുവെയ്പ്പായാണ്. ശാസ്ത്രലോകം കാണുന്നത്.

Top