ഐ.എഫ്.എഫ്.ഐ ഇന്ത്യന്‍ പനോരമയിലെ തിരഞ്ഞെടുത്ത സിനിമകള്‍ ഇഷ്ടമുള്ള ഇന്ത്യന്‍ ഭാഷയിലെ ഡബ്ബിനൊപ്പം കാണാം

ന്യൂഡല്‍ഹി: 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.ഐ.)യില്‍ ഇന്ത്യന്‍ പനോരമയിലെ തിരഞ്ഞെടുത്ത സിനിമകള്‍ ഇഷ്ടമുള്ള ഇന്ത്യന്‍ ഭാഷയിലെ ഡബ്ബിനൊപ്പം കാണാം. ‘സിനിഡബ്സ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സഹകരിച്ചാണ് ചലച്ചിത്രമേളയില്‍ ഈ സൗകര്യമൊരുക്കുന്നത്. സ്മാര്‍ട്ട്ഫോണും ഇയര്‍ഫോണുമുണ്ടെങ്കില്‍ തിയേറ്റര്‍ പ്രദര്‍ശനത്തിനൊപ്പം സ്വന്തം ഭാഷയില്‍ പടം കാണാം. ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനമേര്‍പ്പെടുത്തുന്നത്. 270-ലേറെ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ആപ്പില്‍ ഡബ്ബ് ലഭ്യമായ ഭാഷകളില്‍ ഇന്ത്യ പനോരമയിലെ സിനിമകള്‍ ആസ്വദിക്കാനാകുമെന്ന് മേള ഡയറക്ടര്‍ പ്രധുല്‍ കുമാര്‍ പറഞ്ഞു. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഇക്കൊല്ലത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള. ഭിന്നശേഷിക്കാര്‍ക്കും സിനിമാസ്വാദനത്തിന് ഇത്തവണ സൗകര്യമൊരുക്കുന്നുണ്ട്. കാഴ്ചപരിമിതര്‍ക്കായി പ്രത്യേക ശബ്ദ ലേഖനത്തോടെയും കേള്‍വി പരിമിതിയുള്ളവര്‍ക്കായി പ്രത്യേക ആംഗ്യഭാഷാ വിവരണത്തോടെയും രണ്ടു ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കും. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കി ചലച്ചിത്രമേളയെ മാറ്റുകയാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.

ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില്‍ വന്ന മികച്ച വെബ്സീരീസിനുള്ള അവാര്‍ഡും ഇത്തവണ മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകളിലെ ഏഴ് പഴയ ക്ലാസിക്ക് സിനിമകള്‍ ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് റീസ്റ്റോര്‍ ചെയ്ത് മേളയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. ആജീവനാന്ത സംഭാവനകള്‍ക്കുള്ള സത്യജിത് റായ് പുരസ്‌കാരം ഹോളിവുഡ് നടന്‍ മൈക്കിള്‍ ഡഗ്ലസിന് സമ്മാനിക്കും. ബ്രിട്ടീഷ് ചിത്രം ക്യാച്ചിങ് ഡസ്റ്റ് ആണ് ഉദ്ഘാടന ചിത്രം. അമേരിക്കന്‍ സിനിമ ദി ഫെതര്‍വെയ്റ്റ് സമാപന ചിത്രവുമായിരിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 45 ചിത്രങ്ങളുണ്ട്. 25 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതല്‍’, ഉണ്ണി മുകുന്ദന്‍ നായകനായ ‘മാളികപ്പുറം’ ഉള്‍പ്പടെയുള്ള മലയാള ചിത്രങ്ങള്‍ പട്ടികയിലുണ്ട്. മലയാള സിനിമയായ ‘ആട്ടം’ ആണ് ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രം. ആനന്ദ് ഏകര്‍ഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രോഹിത് എംജി കൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഇരട്ട’, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’, ഗണേഷ് രാജിന്റെ ‘പൂക്കാലം’ എന്നിവയും മുഖ്യധാരാ സിനിമയില്‍ ജൂഡ് ആന്തണി ഒരുക്കിയ 2018 ഉം ഫീച്ചര്‍ സിനിമകളുടെ പട്ടികയില്‍ ഇടം നേടി. നോണ്‍ ഫീച്ചര്‍ സിനിമകളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നും ആനന്ദ ജ്യോതി സംവിധാനം ചെയ്ത ‘ശ്രീ രുദ്രം’ ഇടം നേടി. ഹിന്ദിയില്‍ നിന്ന് വിവേക് അഗ്‌നിഹോത്രിയുടെ ‘വാക്‌സിന്‍ വാര്‍’, സുദീപ്‌തോ സെന്നിന്റെ ‘ദി കേരള സ്റ്റോറി’ എന്നീ ശ്രദ്ധേയ ചിത്രങ്ങളും ഇടം നേടിയിട്ടുണ്ട്. തമിഴില്‍ നിന്നും വെട്രിമാരന്റെ ‘വിടുതലൈ’യും മണിരത്‌നത്തിന്റെ ‘പൊന്നിയന്‍ സെല്‍വന്‍ 2’ഉം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Top