ഇത് പറക്കും സൂപ്പര്‍മാന്‍, തകര്‍പ്പന്‍ ക്യാച്ചുമായി ഗുപ്റ്റില്‍; വീഡിയോ വൈറല്‍

നെല്‍സണ്‍: ന്യുസീലന്‍ഡ്-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എടുത്ത തകര്‍പ്പന്‍ പറക്കും ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. ശ്രീലങ്കയുടെ സൂപ്പര്‍ ബാറ്റസ്മാന്‍ തിസര പെരേരയെ പുറത്താക്കാനാണ് ന്യൂസിലന്‍ഡ് ഓപ്പണര്‍ പറന്നു പന്തുപിടിച്ചത്.

പെരേരയെ 63 പന്തില്‍ 80 റണ്‍സില്‍ നില്‍ക്കേയാണ് മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പറക്കും ക്യാച്ചില്‍ പുറത്താക്കിയത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി തികയ്ക്കാനാവാതെ താരം മൈതാനം വിട്ടു.

ശ്രീലങ്കന്‍ ഇന്നിംഗ്‌സിലെ 39-ാം ഓവറില്‍ ലക്കീ ഫെര്‍ഗൂസണ്‍ എറിഞ്ഞ പന്തിലായിരുന്നു ഗുപ്റ്റില്‍ സൂപ്പര്‍മാനായത്. ബൗണ്ടറിക്ക് ശ്രമിച്ച പെരേരയെ ഒറ്റകൈയില്‍ പറന്നുപിടിച്ച് ഗുപ്റ്റില്‍ പുറത്താക്കി. ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതമാണ് പെരേര 80 റണ്‍സ് നേടിയത്.

പെരേര പുറത്തായതോടെ ശ്രീലങ്ക വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് തോല്‍വി വഴങ്ങി. മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ 115 റണ്‍സിനാണ് സന്ദര്‍ശകരായ ലങ്ക പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് റോസ് ടെയ്ലര്‍ (137),ഹെന്റി നിക്കോള്‍സ് (124) എന്നിവരുടെ സെഞ്ച്വറി കരുത്തില്‍ 364 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ പോരാട്ടം 249 അവസാനിച്ചു. തിസാര പെരേര (80) ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.

Top