മെസിയുടെ ഫ്രീ കിക്കിൽ ഇളകിമറിഞ്ഞ് പിഎസ്‌ജി

പാരീസ്: ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും നിറം മങ്ങിയ പി എസ് ജിക്ക് ജീവവായു നല്‍കിയ വിജയമായിരുന്നു ഇന്നലെ ലിലിക്കെതിരെ നേടിയത്. അതിന് കാരണക്കാരനായതോ ലോകകപ്പിന് ശേഷം നിറം മങ്ങിയതിന്‍റെ പേരില്‍ ആരാധകരോഷത്തിന് പാത്രമായ ലിയോണല്‍ മെസിയും.

ഏഴ് ഗോള്‍ വീണ ത്രില്ലര്‍ പോരില്‍ നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷവും സ്കോര്‍ 3-3 ആയിരുന്നു. പി എസ് ജി വീണ്ടും സമനിലയുടെ നിരാശയുമായി ഗ്രൗണ്ട് വിടേണ്ടിവരുമെന്ന് കരുതിയ നിമിഷം. ഇഞ്ചുറി ടൈമില്‍ കളി തീരാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ ബോകിസ്നു പുറത്ത് മെസിയെ വീഴ്ത്തിയതിന് പി എസ് ജിക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിക്കുന്നു. കിക്കെടുക്കാന്‍ എത്തിയതും മെസി തന്നെ.

‘ഡി’ക്ക് തൊട്ടു പുറത്തു നിന്ന് മെസി തൊടുത്ത ഇടം കാലന്‍ ഷോട്ട് മഴവില്ല് പോലെ വളഞ്ഞ് ലിലി ഗോള്‍ കീപ്പര്‍ ഷെവലിയറുടെ നെടുനീളന്‍ ഡൈവിനെയം മറികടന്ന് പോസ്റ്റില്‍ തട്ടി വലയില്‍ കയറിയപ്പോള്‍ മെസിയെ വാരിപ്പുണരാന്‍ ആദ്യം ഓടിയെത്തിയത് കിലിയന്‍ എംബാപ്പെ ആയിരുന്നു. മത്സരത്തില്‍ അതിന് മുമ്പ് രണ്ട് ഗോളുകള്‍ എംബാപ്പെ നേടിയിരുന്നു. അവസാന നിമിഷം എതിരാളികളുടെ കാലില്‍ നിന്ന് റാഞ്ചിയെടുത്ത ഈ ജയം പി എസ് ജിക്ക് വരും മത്സരങ്ങളില്‍ നല്‍കുന്ന ഊര്‍ജ്ജം ചെറുതായിരിക്കില്ല എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

മാര്‍ച്ച് എട്ടിന് ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാനിറങ്ങുമ്പോള്‍ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ ജയം. ആദ്യ പാദത്തില്‍ പി എസ് ജിയുടെ മൈതാനത്ത് ബയേണ്‍ 1-0ന് ജയിച്ചിരുന്നു.

Top