‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല!’ ; കുറ്റി തെറിച്ചിട്ടും ബാറ്റർ നോട്ടൗട്ട്!! വീഡിയോ കാണാം

സിഡ്നി: ബാറ്റർ ക്ലീൻ ബോൾഡായിട്ടും അംപയർ ഔട്ട് വിളിക്കാതിരിക്കുക! അതി നാടകീയം എന്നു മാത്രം പറയാവുന്ന ഈ സംഭവം കഴിഞ്ഞ ഞായറാഴ്ച ക്രിക്കറ്റിൽ അരങ്ങേറി.

ഓസ്ട്രേലിയൻ വനിതാ നാഷനൽ ക്രിക്കറ്റ് ലീഗില്‍ (ഡബ്ല്യുഎൻസിഎൽ) ക്വീൻസ്‌ലൻഡ് ഫയറും ടാസ്മേനിയൻ വുമൻ ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണു സംഭവം. ക്വീൻസ്‌ലൻഡ് ബാറ്റർ ബോൾഡായെങ്കിലും, ടാസ്മേനിയൻ താരങ്ങൾ അപ്പീൽ ചെയ്തില്ല. ഇതോടെ, അംപയർ ഔട്ടും വിളിച്ചില്ല.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലെ 14–ാം ഓവറിൽ ടാസ്മേനിയൻ പേസർ ബെലിൻഡ വഖരേവയുടെ പന്ത് ക്വീൻസ്‌ലൻഡ് ബാറ്റർ ജോർജിയ വോളിന്റെ പ്രതിരോധം ഭേദിച്ച് ഓഫ് സ്റ്റംപിന്റെ ബെയ്ൽസ് ഇളക്കി.

ബെയ്ൽസ് നിലത്തുവീഴുന്നതോടെ ബാറ്റർമാർ പവിലിയനിലേക്കു മടങ്ങുകയാണു പതിവെങ്കിലും ഇവിടെ അതുണ്ടായില്ല. ബെയ്ൽസ് നിലത്തുവീണ കാര്യം വിക്കറ്റ് കീപ്പറും ബോളറും അടക്കം ആരും ശ്രദ്ധിച്ചിരുന്നില്ല എന്നതാണു വാസ്തവം.

പന്ത് എറിഞ്ഞതിനു പിന്നാലെ ബോളർ റണ്ണപ്പിനായി പിന്നോട്ടു മടങ്ങി. എന്നാൽ, റീ പ്ലേയിൽ ബെയ്‌ൽസ് ഇളകുന്നതു വ്യക്തമായതോടെ ഞെട്ടിയ കമന്റേറ്റർ‌മാർ രൂക്ഷമായ ഭാഷയിലാണ് അംപയർമാരുടെ പിഴവിനെ വിമർശിച്ചത്.

ക്വീൻസ്‌ലൻഡ് ബാറ്റർ പുറത്താകലിൽനിന്നു രക്ഷപ്പെട്ടെങ്കിലും മത്സരം ടാസ്മേനിയ 5 വിക്കറ്റിനു ജയിച്ചു. എന്തായാലും ബോൾഡായതിനു ശേഷവും ബാറ്റിങ് തുടരുന്ന താരത്തിന്റെ വിഡിയോ മണിക്കൂറുകൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Top