മാലിന്യം വലിച്ചെറിഞ്ഞു ; ജഡേജയ്ക്ക് 5,000 രൂപ പിഴയീടാക്കി

e-waste

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയ്ക്ക് പിഴ വിധിച്ചു.ഗോവന്‍ ഗ്രാമമാണ് പിഴ വിധിച്ചത്. ശുചിത്വ പരിപാലനത്തിന് മുന്തിയ പരിഗണന നല്‍കുന്ന നാച്ചിനോള ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം.

നോര്‍ത്ത് ഗോവയില്‍ ജഡേജയുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന അല്‍ഡോന ഗ്രാമത്തിന്റെ അയല്‍ഗ്രാമമാണ് നാച്ചിനോള. അമിതാവ് ഘോഷിനെപ്പോലെയുള്ള സെലിബ്രിറ്റികള്‍ അല്‍ഡോന ഗ്രാമത്തില്‍ താമസിക്കുന്നുണ്ട്.

ഗ്രാമത്തിന്റെ പുറത്തുനിന്നു പോലും ഇവിടെ മാലിന്യ നിക്ഷേപം നടത്തുന്നതായി കണ്ടെത്തിയതിനാല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് സര്‍പ്രാഞ്ച് തൃപ്തി ബണ്ടോഡ്കര്‍ പറഞ്ഞു. ഇത്തരക്കാരെ പിടികൂടാനായി യുവ ജനങ്ങളുടെ ഒരു സംഘത്തെ നിയോഗിച്ചിരുന്നു.

വലിച്ചെറിഞ്ഞ മാലിന്യക്കൂമ്പാരം പരിശോധിച്ചപ്പോള്‍ അജയ് ജഡേജയുടെ ചില ബില്ലുകള്‍ ഇതില്‍ കണ്ടെത്തി. സംഭവം അജയ് ജഡേജയെ അറിയിച്ചതോടെ അദ്ദേഹം പിഴയടക്കാമെന്ന് അറിയിക്കുകയായിരുന്നു. സെലിബ്രിറ്റികള്‍ ഇവിടെ താമസിക്കുന്നതില്‍ അഭിമാനമുണ്ട്. എന്നാലവര്‍ ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത് വിഷമകരമാണെന്നും തൃപ്തി വ്യക്തമാക്കി.

Top