മാലിന്യ നിർമാർജനം ; പേള്‍ ഖത്തറില്‍ 10 സീ ബിന്നുകള്‍ സ്ഥാപിച്ചു

ദോഹ:പേള്‍ ഖത്തര്‍ കടലില്‍ 10 മാലിന്യക്കൊട്ടകള്‍ സ്ഥാപിച്ചു. കടലിനെ മാലിന്യമുക്തമാക്കുകയും സമുദ്ര ജീവികളെ സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കൊട്ടകൾ സ്ഥാപിച്ചത്. ഖത്തറിലെ യുനൈറ്റഡ് ഡവലപ്മെന്റ് കമ്പനി (യുഡിസി). പോര്‍ട്ടോ അറേബ്യ മറീനയിലാണ് വ്യത്യസ്ത ഇടങ്ങളിലായി മാലിന്യങ്ങള്‍ സ്വമേധയാ ശേഖരിക്കുന്നതിനായി സീ ബിന്നുകള്‍ സ്ഥാപിച്ചത്.

കടലിലൂടെ ഒഴുകിവരുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍, എണ്ണ തുടങ്ങിയ മാലിന്യങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ മാലിന്യക്കൊട്ടകള്‍ ശേഖരിക്കും . റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഓരോ കൊട്ടകളിലും 20 കിലോഗ്രാം വരെ ഉള്‍ക്കൊള്ളാനാവും.

ദിവസേന 4 കിലോഗ്രാം വരെ ഒഴുകുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനും 20 ലക്ഷം ലിറ്റല്‍ ജലം അരിച്ചെടുക്കാനും ഇതിന് ശേഷിയുണ്ട്. ഇതിലൂടെ പ്രതിവര്‍ഷം 1.4 ടണ്‍ ഒഴുകുന്ന മാലിന്യം ശേഖരിക്കാനാവുമെന്നാണ് കരുതുന്നത്. 90,000 പ്ലാസ്റ്റിക് ബാഗുകള്‍, 11,900 പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, 50,000 വാട്ടര്‍ ബോട്ടിലുകള്‍, 35,700 ഡിസ്പോസിബിള്‍ കപ്പുകള്‍, 1,17,600 പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിവയ്ക്ക് തുല്യമാണിത്.

Top