ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജി വെച്ച് വസീം ജാഫര്‍

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജി വെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. ടീം സെലക്ഷനില്‍ മറ്റുള്ളവര്‍ ഇടപെടുന്നു എന്നാരോപിച്ചാണ് ജാഫര്‍ സ്ഥാനം ഉപേക്ഷിച്ചത്. വസീം ജാഫറുടെ രാജി ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ചിട്ടുണ്ട്. ‘ഉത്തരാഖണ്ഡ് ക്രിക്കറ്റ് താരങ്ങളെയോര്‍ത്ത് എനിക്ക് സങ്കടം തോന്നുന്നു.

വളരെയേറെ കഴിവുള്ള താരങ്ങളുണ്ട് ടീമില്‍. പക്ഷേ കഴിവുള്ള താരങ്ങളെ ടീമിലെത്തിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. മറ്റുള്ളവരാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. അര്‍ഹതയില്ലാത്തവര്‍ ടീമില്‍ ഇടം നേടുന്നു.’-അസോസിയേഷന് അയച്ച മെയിലില്‍ ജാഫര്‍ പറയുന്നു.

എന്നാല്‍ ജാഫര്‍ പറയുന്നത് വസ്തുതാവിരുദ്ധമാണെന്ന് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹിം വര്‍മ വ്യക്തമാക്കി. ‘ജാഫര്‍ ചുമതലയേറ്റെടുത്തപ്പോള്‍ തൊട്ട് അദ്ദേഹത്തിന് വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ക്രിക്കറ്റ് താരങ്ങളെ തെരെഞ്ഞെടുത്തത്’- വര്‍മ വ്യക്തമാക്കി. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ വസീം ജാഫറുടെ പരിശീലനത്തില്‍ ഇറങ്ങിയ ഉത്തരാഖണ്ഡ് ടീം അഞ്ചുമത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമാണ് സ്വന്തമാക്കിയത്.

Top